ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയിലും കുറയുന്നതിനെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാംതരംഗം ഇല്ലാതാവുന്നതായി റിപ്പോര്‍ട്ട്. രണ്ടാംതരംഗം ഉയരത്തിലെത്തിയ മേയ് ഒമ്പതിനു ശേഷം ഹരിയാണയില്‍ ദിവസേന ശരാശരി 8.9 ശതമാനം നിരക്കിലാണ് കോവിഡ് കേസുകള്‍ കുറയുന്നത്. രാജസ്ഥാന്‍ (8.5), ഡല്‍ഹി (8.2), ബിഹാര്‍ (8.1), ഉത്തര്‍പ്രദേശ് (7.1), ഉത്തരാഖണ്ഡ് (7.6) എന്നിങ്ങനെയാണ് ഇക്കാലയളവില്‍ രോഗം കുറഞ്ഞതിന്റെ നിരക്ക്. എന്നാല്‍, മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗം കുറയുന്ന നിരക്ക് ഇതിനെക്കാള്‍ താഴെയാണ്. തമിഴ്‌നാട്ടില്‍ 2.7 ശതമാനമാണെങ്കില്‍, ആന്ധ്ര (4.2), മഹാരാഷ്ട്ര (3.3), കേരളം (3) എന്നിങ്ങനെയാണ് കണക്ക്. ഈ അന്തരം കാരണം ദേശീയ തലത്തിലെ ശരാശരി മേയ് എട്ടിനു ശേഷം 3.7 ആണ്.

ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലാണ് ഈ കുറവ് രേഖപ്പെടുത്തലുണ്ടായിട്ടുള്ളതെന്നാണ് വൈറോളജിസ്റ്റ്‌ ഗഗന്‍ദീപ് കാങ്ങിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. മികച്ച ആരോഗ്യക്ഷേമ സംവിധാനമുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപന നിരക്ക് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. വിവിധ വകഭേദങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ രോഗകാരി ആവുന്നത് എന്നതിനാല്‍ ഇക്കാര്യം പരിശോധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കണക്ക് മറച്ചുവെക്കുന്നതായി പ്രിയങ്ക

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണമായി കണക്കിലെ കൃത്രിമത്വം ഉപയോഗിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നത് ഇന്ത്യയില്‍ ജിവന്‍ രക്ഷിക്കുന്നതിനെക്കാള്‍ പ്രധാനമാണോ -പ്രിയങ്ക ചോദിച്ചു.

Content Highlights: Coronavirus India