ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബി.1.617.2 (ഡെൽറ്റ) ആണ് രണ്ടാംതരംഗം രൂക്ഷമാക്കിയതെന്ന് സർക്കാർ പഠനം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ജീനോമിക് കൺസോർഷ്യം എന്നിവിടങ്ങളിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.

യു.കെ.യിലെ കെന്റിൽ ആദ്യമായി കണ്ടെത്തിയ ആൽഫ വേരിയന്റിനെക്കാൾ കൂടുതൽ വ്യാപനശേഷിയാണ് ഡെൽറ്റയ്ക്കുള്ളതെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, കൂടുതൽ മരണങ്ങൾക്ക് കാരണം ഡെൽറ്റ വകഭേദമാണെന്ന് ഉറപ്പിക്കാൻ തെളിവുകൾ ലഭ്യമല്ലെന്നും ഗവേഷകർ വ്യക്തമാക്കി.

ഡെൽറ്റ വകഭേദം എല്ലാ സംസ്ഥാനങ്ങളിലും ബാധിച്ചുവെന്നും ന്യൂഡൽഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു. 29,000 സാംപിളുകൾ പരിശോധിച്ചതിൽ 8,900 എണ്ണവും ഡെൽറ്റയാണെന്ന് കണ്ടെത്തി.

പഠനത്തെ ശരിവക്കുന്ന തരത്തിൽ യു.കെ.യിലെ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും (പി.എച്ച്.ഇ.) പ്രതികരിച്ചു. യു.കെ.യിൽ കോവിഡ് ബാധിച്ചവരിൽ ഭൂരിപക്ഷവും ഡെൽറ്റ വകഭേദമാണെന്ന് തിരിച്ചറിഞ്ഞതായും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യു.കെ. ആരോഗ്യ സുരക്ഷാ ഏജൻസി ചീഫ് എക്സിക്യുട്ടീവ് ജെന്നി ഹാരിസ് അറിയിച്ചു.

Content Highlights: Coronavirus India