ന്യൂഡൽഹി: ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന 46 ശതമാനം കോവിഡ് കേസുകളും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.). 25 ശതമാനം മരണവും ഇന്ത്യയിൽ നിന്നാണെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.

ലോകത്ത് 57 ലക്ഷം പുതിയ കോവിഡ് കേസുകളും 93,000 മരണവുമാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിൽ 26 ലക്ഷം പുതിയ കേസുകളും ഇന്ത്യയിലാണ്. ഈ കാലയളവിൽ ഇന്ത്യയിലെ രോഗവ്യാപനം 20 ശതമാനമായി ഉയർന്നെന്നും മരണസംഖ്യ 23,231 ആയെന്നും സംഘടന വ്യക്തമാക്കി.

അതിനിടെ ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 3,82,315 പേർക്ക് കോവിഡ് ബാധിച്ചു. 3780 പേർ മരിച്ചതോടെ മരണസംഖ്യ 2,26,188 ആയി ഉയർന്നു. ഇതുവരെയുള്ള ഏറ്റവും വലിയ മരണസംഖ്യയാണിത്. ഇതുവരെ 2,06,65,148 പേർക്കാണ് രോഗം ബാധിച്ചത്. 34,87,229 പേരാണ് ചികിത്സയിലുള്ളത്.

Content Highlights: Coronavirus India