ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്തമാകുന്നതിനിടെ കൂടുതൽ വെല്ലുവിളിയായി മൂന്നുസംസ്ഥാനങ്ങളിൽ മൂന്നുതവണ വകഭേദം സംഭവിച്ച വൈറസ് സാന്നിധ്യം കണ്ടെത്തി. മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഈ വൈറസുകളുടെ പകർച്ച വളരെ വേഗത്തിലാണെന്നും അതിനാൽ രോഗബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും മക്ഗിൽ സർവകലാശാല ശാസ്ത്രജ്ഞൻ പ്രൊഫസർ മധുകർ പൈ പറഞ്ഞു. മൂന്ന് വ്യത്യസ്ത വകഭേദങ്ങൾ ചേർന്നാണ് പുതിയ വൈറസ് രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവയ്ക്കെതിരേ വാക്സിൻ ഫലപ്രാപ്തി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയ്ക്കായി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

അതിനിടെ, പത്തനംതിട്ട ജില്ലയിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ബാധയുണ്ടായതായി സംശയം. ഇത് പരിശോധിച്ച് ഉറപ്പിച്ചില്ലെങ്കിലും പുതിയ രോഗികളിലുണ്ടായ വൈറസ് ബാധയുടെ രീതിവെച്ച് ജനിതകമാറ്റം വന്നതാണെന്ന് അനുമാനിക്കേണ്ടിവരുന്ന സ്ഥിതിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Content Highlights: Coronavirus India