ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും രണ്ടുലക്ഷം കടന്നു. വെള്ളിയാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിനിടെ 2,17,353 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. 1,185 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 1,42,91,917 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

‌നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവർ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാൻ വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കർഫ്യൂ ഏർപ്പെടുത്തി.

കോവിഡ് രോഗികൾക്ക് കൂടുതൽ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കാൻ ബെംഗളൂരുവിലെ പത്ത് ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കി മാറ്റാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേർത്ത അടിയന്തരയോഗത്തിൽ തീരുമാനമായി. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു നഗരങ്ങളിലെ രാത്രി കർഫ്യൂ ഏപ്രിൽ 20 വരെ നീട്ടും.

രാജ്യത്ത് ഇതുവരെ 11,72,23,509 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, വാക്സിൻ ക്ഷാമം പരിഹരിക്കാൻ കോവാക്സിൻ നിർമിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹഫ്കിൻ ബയോഫാർമ കോർപ്പറേഷന് കേന്ദ്രസർക്കാർ അനുമതി നൽകി.

Content Highlights: Coronavirus India