ന്യൂഡൽഹി: നിലവിലുള്ള കോവിഡ് മാർഗനിർദേശങ്ങൾ മാർച്ച് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിട്ടു. ഇതോടെ ജനുവരി 27-ന് പുറത്തിറങ്ങിയ മാർഗനിർദേശങ്ങളിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ കോവിഡ് കേസുകളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും മഹാമാരിയെ പൂർണമായി മറികടക്കാൻ നിരീക്ഷണവും നിയന്ത്രണങ്ങളും ജാഗ്രതയും പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികൾ തുടർച്ചയായി രണ്ടാംദിവസവും 16,000 കടന്നു. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 16,577 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,10,63,491 ആയി. 120 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,56,825 ആയി. 1,07,50,680 പേരുടെ രോഗം ഭേദമായി.

രാജ്യത്ത് ഇതുവരെ 1.34 കോടി പേർക്ക് കോവിഡ് പ്രതിരോധവാക്സിൻ നൽകി. ഇതിൽ ആദ്യ ഡോസ് ലഭിച്ച 66.21 ലക്ഷവും രണ്ടാം ഡോസ് ലഭിച്ച 20.32 ലക്ഷം ആരോഗ്യ പ്രവർത്തകരും 48.18 ലക്ഷം ഡോസ് ലഭിച്ച മറ്റ് മുൻനിര പ്രതിരോധ പ്രവർത്തകരും ഉൾപ്പെടുന്നു.

Content Highlights: Coronavirus India