ന്യൂഡൽഹി: കോവിഡ്-19 നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ ആവശ്യമായ ഉപദേശനിർദേശങ്ങൾക്കും സഹായത്തിനുമായി കേരളമടക്കം പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, പശ്ചിമബംഗാൾ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം പോവുക.

വിവിധ മേഖലകളുമായി ബന്ധപ്പെട്ട മൂന്നു വിദഗ്ധർ ഓരോ സംസ്ഥാനവും സന്ദർശിക്കും. ആർ.ടി-പി.സി.ആർ. പരിശോധന കൂട്ടുകയും കൂടുതൽ ജാഗ്രത പുലർത്തുകയും വേണമെന്നാവശ്യപ്പെട്ട്് നേരത്തേ കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തെഴുതിയിരുന്നു.

ഡൽഹിയിലും നീലഗിരിയിലും നിയന്ത്രണം

ഡൽഹി/ബെംഗളൂരു/ഊട്ടി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിൽനിന്നു ഡൽഹിക്കു വരുന്നവർ വെള്ളിയാഴ്ചമുതൽ കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. ഡൽഹിയിലെത്തുന്നവർ 72 മണിക്കൂർ മുമ്പുള്ള സാക്ഷ്യപത്രം ഹാജരാക്കണം. മാർച്ച് 15 വരെയാണ് ഈ നിബന്ധന. കേരളത്തിൽനിന്ന്‌ നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്നവർ‌ക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

  • കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പേരിൽ അതിർത്തി ചെക്‌പോസ്റ്റുകൾ അടച്ചതു സംബന്ധിച്ച് കർണാടക സർക്കാരിനും കേന്ദ്രത്തിനും കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾക്ക് താത്കാലിക സ്റ്റേ ഇല്ല. കേസ് മാർച്ച് അഞ്ചിന് പരിഗണിക്കാൻ മാറ്റി.
  • കേരള-കർണാടക അതിർത്തിയിലെ എല്ലാ ചെക്‌പോസ്റ്റുകളിലും ബുധനാഴ്ചയും കോവിഡില്ലാ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാണ് യാത്രക്കാരെ കടത്തിവിട്ടത്.

Content Highlights: Coronavirus India