ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച പുതിയതരം കൊറോണ വൈറസ് രാജ്യത്ത് 20 പേരിൽ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം റിപ്പോർട്ടുചെയ്ത ആറുപേർ ഉൾപ്പെടെയാണിത്. പത്തുലാബുകളുടെ കൺസോർഷ്യം പരിശോധിച്ച 107 സാംപിളുകളിൽ 20 എണ്ണത്തിലാണ് സാർസ്‌കോവി-2 വൈറസിന്റെ ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം കണ്ടത്. ഈ ലാബുകളിൽ കൂടുതൽ പരിശോധന നടന്നുവരികയാണ്.
ഡൽഹി എൻ.സി.ഡി.സി.യിലാണ് എട്ടെണ്ണം സ്ഥിരീകരിച്ചത്. ഏഴെണ്ണം ബെംഗളൂരു നിംഹാൻസിലും രണ്ടെണ്ണം ഹൈദരാബാദ് സി.സി.എം.ബി.യിലും ഓരോന്ന് കൊൽക്കത്ത എൻ.ഐ.ബി.ജി. കല്യാണി, പുണെ എൻ.ഐ.വി., ഡൽഹി ഐ.ജി.ഐ.ബി. എന്നിവിടങ്ങളിലുമാണ് കണ്ടെത്തിയത്. പുതിയതരം വൈറസ് ബാധിച്ചവരെ വെവ്വേറെ മുറികളിൽ പ്രത്യേകം സമ്പർക്കവിലക്കിലാക്കി നിരീക്ഷിക്കുകയാണ്. ഇവരുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താനും ശ്രമം തുടരുന്നു.
പുതിയതരം വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. എന്നാൽ, ഇവ കൂടുതൽ മാരകമാണെന്നതിന് തെളിവില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ബ്രിട്ടനിൽ ഇത് റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ വിദേശത്തുനിന്ന് വരുന്നവർക്കായി ആരോഗ്യമന്ത്രാലയം മാർഗരേഖയിറക്കിയിരുന്നു. ബ്രിട്ടനിൽനിന്നുള്ള വിമാനസർവീസുകൾ നിർത്തുകയും ചെയ്തു.
Content Highlights: Coronavirus India