ന്യൂഡൽഹി: ദേശീയതലത്തിൽ കോവിഡ് ബാധയും മരണവും കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടാംദിവസവും ഏഴരലക്ഷത്തിൽ താഴെയാണ്. മരണനിരക്ക് 1.51 ശതമാനത്തിലേക്ക് താഴ്ന്നു.

ഛത്തീസ്ഗഢ് (0.96), ജാർഖണ്ഡ് (0.87), ആന്ധ്രാപ്രദേശ് (0.82), തെലങ്കാന (0.57), ബിഹാർ (0.49), അസം (0.44), ഒഡിഷ (0.43), കേരളം (0.34) തുടങ്ങി 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മരണനിരക്ക് ഒരു ശതമാനത്തിലും താഴെയാണ്.

രാജ്യത്ത് ചികിത്സയിലുള്ളത് 7,40,090 പേരാണ്. ഇത് മൊത്തം രോഗികളുടെ 9.67 ശതമാനമാണ്. ഇതും മരണവും കൂടാതിരിക്കാനുള്ള ശക്തമായ ഇടപെടലാണ് കേന്ദ്രഭരണപ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും മന്ത്രാലയം പറയുന്നു.

രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടുന്നതും ഇതോടൊപ്പം ആശ്വാസമേകുന്നതാണ്. 24 മണിക്കൂറിനിടെ 61,775 പേർ രോഗമുക്തരായി. 54,044 പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇന്ത്യയിൽ ഇതുവരെ 76,51,107 പേർക്കാണ് രോഗം ബാധിച്ചത്. 1,15,914 പേർ മരിച്ചു. 24 മണിക്കൂറിനിടെ 717 മരണമാണ് റിപ്പോർട്ടുചെയ്തത്.

Content Highlights: Coronavirus India