ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ നാലാം ദിവസവും എട്ട് ശതമാനത്തിൽ താഴെയാണെന്നും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞെന്നതിന്റെ തെളിവാണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.

7.94 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്നു ദിവസമായി സജീവ കോവിഡ് രോഗികൾ എട്ടുലക്ഷത്തിൽ താഴെയാണ് (7,72,05). ഇത് മൊത്തം രോഗബാധയുടെ 10.23 ശതമാനമാണ്.

രോഗബാധിതർ 75 ലക്ഷം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം തിങ്കളാഴ്ച 75,74,167 ആയി. 66,399 പേർ തിങ്കളാഴ്ച രോഗമുക്തരായി. 55,722 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 579 പേർ കൂടി മരിച്ചു. 90 ദിവസത്തിനുശേഷം ആദ്യമായാണ് മരണസംഖ്യ 600-ൽ താഴെയാകുന്നത്. ആകെ മരണസഖ്യ 1,14,610 ആണ്.

രാജ്യത്തെ രോഗമുക്തി നിരക്ക് 88.26 ആയി ഉയർന്നു. 81 ശതമാനം പുതിയ കേസുകളും 79 ശതമാനം രോഗമുക്തരും മഹാരാഷ്ട്ര, കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, ഒഡിഷ, ചത്തീസ്‍ഗഢ് എന്നിവിടങ്ങളിലാണ്.

Content Highlights: Coronavirus India