ന്യൂഡൽഹി: കടുത്ത ആശങ്കപടർത്തിക്കൊണ്ട് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച 8818 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ സംഖ്യ 2,35,540 ആയി. ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെയും മറികടന്ന് ആറാമതായി. ഒടുവിലത്തെ റിപ്പോർട്ടു പ്രകാരം ഇറ്റലിയിൽ 2,34,013 പേരിലാണ് വൈറസ് കണ്ടെത്തിയത്. അമേരിക്ക, ബ്രസീൽ, റഷ്യ, സ്പെയിൻ, ബ്രിട്ടൻ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങൾ.

274 പേർകൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 6637 ആയി ഉയർന്നു. സംസ്ഥാനങ്ങൾ വെള്ളിയാഴ്ച വൈകീട്ട് പുറത്തുവിട്ട റിപ്പോർട്ടു പ്രകാരമാണിത്.

പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതാണ്. കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 9889 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ബ്രസീലാണ് ഒന്നാംസ്ഥാനത്ത്. ഇവിടെ 31,890 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22,268 കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയാണ് രണ്ടാമത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. 8944 രോഗികളാണ് ഇന്ത്യയിലുള്ളത്. അമേരിക്കയിലാണ് കൂടുതൽ പേർ-17,083 പേർ. മൂന്നാംസ്ഥാനത്ത് ബ്രസീൽ-8318 പേർ.

Content Highlights: Coronavirus India