അഹമ്മദാബാദ്: കോവിഡ് ഹോട്‌സ്പോട്ടായ അഹമ്മദാബാദിൽ സർക്കാർ ആശുപത്രികളിലെ കിടക്കകളിൽ 1500 എണ്ണം കാലി. കനത്ത ഫീസ് ഈടാക്കുന്ന സ്വകാര്യാശുപത്രികളിൽ ചികിത്സയിലുള്ളത് 1432 പേർ. ഇവയിലും പണം മുടക്കുന്നത് കോർപ്പറേഷൻതന്നെ. സ്വകാര്യമേഖലയ്ക്ക് മേൽക്കൈ നൽകുന്നതാണ് ഗുജറാത്തിലെ 50:50 ചികിത്സാ സമ്പ്രദായം.

സർക്കാർ ആശുപത്രികളിലെ കോവിഡ് ചികിത്സ ഹൈക്കോടതിയുടെവരെ വിമർശനത്തിനിരയായപ്പോൾ കൊണ്ടുവന്നതാണ് 50:50 പരിപാടി. കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ മാറ്റിവെക്കുന്ന കിടക്കകളിൽ പകുതിയെണ്ണത്തിന്റെ പണം കോർപ്പറേഷൻ നൽകും. സർക്കാർ ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന രോഗികളെയാണ് കോർപ്പറേഷന്റെ ചെലവിൽ സ്വകാര്യാശുപത്രികളിൽ ചികിത്സിക്കുക. സ്വകാര്യാശുപത്രിയിൽ നേരിട്ടെത്തുന്ന രോഗികൾ പണം നൽകേണ്ടി വരും.

അഹമ്മദാബാദിൽ ഒരു മാസമായി ഈ നയം നടപ്പാക്കിയതോടെ ഏഴുസർക്കാർ ആശുപത്രികളിലെയും കോവിഡ് രോഗികൾ കുറഞ്ഞു. ഇപ്പോൾ ഇവിടെ 1250 രോഗികൾ ഉണ്ട്. സ്വകാര്യാശുപത്രികളിൽ 1432 പേരും. സർക്കാർ ആശുപത്രികളിൽ എത്തുന്നവരെ സ്വകാര്യാശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ഇവർക്ക് സൗജന്യമായി മെച്ചപ്പെട്ട ചികിത്സ കിട്ടുന്നു. കിടക്കയൊന്നിന് ദിവസം 4500 രൂപ മുതലാണ് ഒരു രോഗിക്കായി കോർപ്പറേഷൻ മുടക്കുന്നത്. ഐസൊലേഷൻ വാർഡിൽ ഇത് 9000 രൂപയും വെന്റിലേറ്ററിൽ 11,250 രൂപയുമാണ്. 1800-ലധികം പേർ ഇതിനകം രോഗം ഭേദമായിപ്പോയി. രണ്ടരക്കോടിയോളം രൂപയാണ് നഗരസഭയുടെ പ്രതിദിനച്ചെലവ്. ഇതേ സമയം നേരിട്ട് സ്വകാര്യാശുപത്രിയിലെത്തിയാൽ കിടക്കയൊന്നിന് 10,000 രൂപ മുതലാണ് രോഗിയിൽനിന്ന് ഈടാക്കുക. വെന്റിലേറ്റർ വേണ്ടിവന്നാൽ 23,000 രൂപയാകും.

പദ്ധതി തുടങ്ങിയപ്പോൾ 42 സ്വകാര്യാശുപത്രികളാണ് അഹമ്മദാബാദിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇപ്പോൾ 55 എണ്ണത്തിലായി 2100 കിടക്കകളുണ്ട്. ഇവ കാലിയായാലും കോർപ്പറേഷൻ 720 രൂപ മുതൽ 1800 രൂപ വരെ ഗ്രേഡനുസരിച്ച് നൽകും. സർക്കാർ ആശുപത്രികളെ ഉപയോഗിക്കാത്തതിനെപ്പറ്റി പരാതികളുണ്ട്. എന്നാൽ, രോഗികളുടെ എണ്ണം കൂടുമ്പോൾ ഇവ സ്വാഭാവികമായും നിറയുമെന്നാണ് അധികൃതരുടെ വിശദീകരണം.

Content Highlights: Coronavirus Gujarat