ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഒരുലക്ഷം പാർട്ടിപ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനങ്ങൾ നൽകാൻ ബി.ജെ.പി. ദേശീയനേതൃത്വം തീരുമാനിച്ചു. വെന്റിലേറ്റർ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനാണ് പരിശീലനം നൽകുകയെന്ന് ദേശീയ ജനറൽ സെക്രട്ടറി ഭൂപിന്ദർ യാദവ് പറഞ്ഞു. ഡൽഹിയിൽ ചേർന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തെ പാർട്ടിപ്രവർത്തകരുടെ സേവനങ്ങൾ സംബന്ധിച്ച് ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് റിപ്പോർട്ട് നൽകി.

സേവാഹി സംഘടൻ പരിപാടിയുടെ ഭാഗമായി 1.1 ലക്ഷം ഗ്രാമങ്ങളിലും 60,000 നഗരങ്ങളിലും സഹായമെത്തിച്ചതായി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. നാലുലക്ഷത്തോളം വയോജനങ്ങൾക്ക് മരുന്നെത്തിച്ചു. 1.26 കോടി മാസ്‌ക്, 31 ലക്ഷം ഭക്ഷണ പാക്കറ്റ്, 19 ലക്ഷം റേഷൻ കിറ്റ് എന്നിവ വിതരണം ചെയ്തു.

വിവിധ മോർച്ചാ അധ്യക്ഷന്മാരുമായി ദേശീയാധ്യക്ഷൻ കൂടിക്കാഴ്ച നടത്തി. ആദിവാസികൾക്കുള്ള വൻധൻ യോജനാ പരിപാടി സജീവമാക്കാൻ പട്ടികവർഗ മോർച്ചയ്ക്കും കർഷകർക്ക് പരിശീലനങ്ങൾ നൽകാൻ കിസാൻ മോർച്ചയ്ക്കും നിർദേശം നൽകി. പോഷകാഹാരക്കുറവിനെതിരേയുള്ള പ്രചാരണങ്ങൾക്കായി പോഷൺ അഭിയാൻ തുടങ്ങാൻ മഹിളാ മോർച്ചയോട് ആവശ്യപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളും വിലയിരുത്തി. പശ്ചിമബംഗാളിൽ പാർട്ടി നേട്ടമുണ്ടാക്കി. തമിഴ്‌നാട്ടിൽ നാല് സീറ്റുനേടാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം ബംഗാളിൽ നിരന്തരം അക്രമങ്ങളാണെന്നും പ്രവർത്തകർക്കൊപ്പം പാർട്ടി ശക്തമായി നിലകൊള്ളുമെന്നും ഭൂപിന്ദർ പറഞ്ഞു. യോഗശേഷം നഡ്ഡയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിമാരും മോർച്ചാ അധ്യക്ഷന്മാരും നരേന്ദ്രമോദിയെ കണ്ടു.

Content Highlights; Coronavirus BJP