ന്യൂഡൽഹി: ചൈനയിൽനിന്നുള്ള യാത്രക്കാരെ കൊറോണ വൈറസ് ബാധയുണ്ടോ എന്നറിയാൻ സൂക്ഷ്മ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തുനിന്ന് 60 വിമാനങ്ങളിലായി വന്ന 12,828 യാത്രക്കാരെ പരിശോധിച്ചു. ആർക്കും വൈറസ് ബാധയുടെ ലക്ഷണമില്ല.

ചൈനയിൽനിന്നു രോഗംപടരുന്ന സാഹചര്യത്തിൽ വേണ്ട മുൻകരുതലുകളെടുക്കാനും തയ്യാറെടുപ്പുകൾ നടത്താനും സംസ്ഥാനങ്ങൾക്കു കർശനനിർദേശം നൽകി. കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ‘തെർമൽ സ്ക്രീനിങ്’ നടത്തുന്നുണ്ട്. രോഗലക്ഷണം കണ്ടാൽ അതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. തുറമുഖങ്ങളിലും ജാഗ്രതാനിർദേശം നൽകി -മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

രോഗലക്ഷണം കാണുന്നവരെ പ്രത്യേകം പാർപ്പിക്കാനും രോഗിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നല്കി. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ഐ.സി.എം.ആറിനു കീഴിലെ മറ്റു പത്തു ലാബുകളിലും വൈറസ് പരിശോധനയ്ക്കു സൗകര്യമൊരുക്കി. ചൈനയിലും അയൽരാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർക്കായി യാത്രാമുന്നറിയിപ്പു നൽകാൻ വിദേശകാര്യ മന്ത്രാലയത്തിനു നിർദേശം നൽകിയിട്ടുണ്ട്- മന്ത്രാലയം അറിയിച്ചു.

Content Highlights: Corona Virus, checking in seven airports including CIAL