ദെഹ്‌റാദൂൺ: കൊറോണ വൈറസും ജീവിക്കാൻ അവകാശമുള്ള ജീവിയാണെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. “ദാർശനികമായി ചിന്തിക്കുമ്പോൾ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മൾ മനുഷ്യർ ഏറ്റവുംബുദ്ധിമാന്മാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാൻ ശ്രമിക്കുകയുംചെയ്യുന്നു. അതിനാൽത്തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു. എന്നിരുന്നാലും വൈറസിനെ മറികടക്കാൻ സുരക്ഷിതരായി ഇരിക്കേണ്ടതുണ്ട്” -അദ്ദേഹം ഒരു ദേശീയ ചാനലിനോടു പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിൽ ഇതോടെ ട്രോളുകൾ പ്രവഹിച്ചു. കേന്ദ്രസർക്കാർ ഡൽഹിയിൽ നിർമിക്കുന്ന സെൻട്രൽ വിസ്തയിൽ കോവിഡിന് അഭയം നൽകണമെന്നായിരുന്നു ഒരാളുടെ പരിഹാസം.

വാക്സിൻ ലഭ്യമാക്കാനായില്ലെങ്കിൽ തൂങ്ങിമരിക്കണോ? -മന്ത്രി സദാനന്ദ ഗൗഡ

ബെംഗളൂരു: കോടതി നിർദേശിച്ചപ്രകാരം വാക്സിൻ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടാൽ സർക്കാരിലുള്ളവർ തൂങ്ങിമരിക്കണമോയെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ. ഏതാനുംദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ്‌ നൽകുമെന്നും അദ്ദേഹം ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“രാജ്യത്ത് എല്ലാവർക്കും വാക്സിൻ നൽകണമെന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്സിൻ നൽകണമെന്ന് കോടതി പറയുകയും അത്രത്തോളം ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ ഞങ്ങൾ തൂങ്ങിമരിക്കണോ? ചിലകാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനതീതമാണ്. നമുക്ക് അവ കൈകാര്യംചെയ്യാൻ കഴിയുമോ” -അദ്ദേഹം ചോദിച്ചു.

content highlights: corona also have the righ to live-trivendra singh rawat