ഭുവനേശ്വർ: കോവിഡിന് മരുന്നു കണ്ടെത്തുന്നതിനെ സഹായിക്കുന്ന സുപ്രധാന നേട്ടവുമായി ഒഡിഷയിലെ ഭുവനേശ്വറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് (ഐ.എൽ.എസ്.). കോവിഡ് രോഗിയുടെ സ്രവത്തിൽനിന്ന് രോഗകാരിയായ സാർസ്-കോവി-2 വൈറസ് സെൽ കൾച്ചർ ചെയ്തു എന്നതാണ് ഐ.എൽ.എസിന്റെ നേട്ടം. ൈവറസിനെ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് കൾച്ചർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ രോഗികളിൽനിന്നെടുത്ത സ്രവങ്ങളിൽനിന്ന് 17 കൾച്ചറുകളാണുണ്ടാക്കിയത്. നിർവീര്യമാക്കിയ വൈറസ് കോശം ഉപയോഗിച്ച് വാക്സിൻ ഉണ്ടാക്കുന്നതിന് ലോകവ്യാപകമായി ഉപയോഗിക്കുന്നതാണ് ഐ.എൽ.എസ്. ചെയ്തതുപോലുള്ള വെറോ സെൽ കൾച്ചർ.

ഇന്ത്യയിലെ മൂന്ന് ലബോറട്ടറികൾ മാത്രമേ ഇതുവരെ വൈറസ് കൾച്ചർ ചെയ്തിട്ടുള്ളൂവെന്ന് ഐ.എൽ.എസ്. ഡയറക്ടർ അജ്യ പരീദ പറഞ്ഞു. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി, ഡിബ്രുഗഢിലെ ആർ.എം.ആർ.സി. എന്നിവയാണ് മറ്റുള്ളവ. കൾച്ചർ ചെയ്ത വൈറസ്‍ ആന്റിബോഡികളും ആന്റിഡോട്ടുകളുമുണ്ടാക്കാൻ ഉപയോഗിക്കാമെന്ന് പരീദ പറഞ്ഞു. ശാസ്ത്രജ്ഞരായ സോമ ചതോപാധ്യായ, ഗുലാം എച്ച്. സയ്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേട്ടത്തിനുപിന്നിൽ.