ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പി.യുമായ രഞ്ജൻ ഗൊഗോയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി എടുക്കാൻ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ തള്ളി. കോടതികൾ കെട്ടുപൊട്ടിയ അവസ്ഥയിലാണെന്നും യഥാസമയം ഒരാൾക്ക് നീതി ലഭിക്കാൻ സാധ്യതയില്ലെന്നും ജസ്റ്റിസ് ഗൊഗോയ് പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെയാണ് അപേക്ഷ നൽകിയത്.

ജസ്റ്റിസ് ഗൊഗോയ് നൽകിയ അഭിമുഖം താൻ പൂർണമായി കണ്ടെന്നും അദ്ദേഹത്തിന്റെ പരാമർശം കോടതി സംവിധാനത്തിന്റെ നല്ലതിനുവേണ്ടിയാണെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. അത് നീതിപീഠത്തിന് അവമതിപ്പുണ്ടാക്കുന്നതോ കോടതിയെ ഇടിച്ചുതാഴ്ത്തുന്നതോ അല്ല. മുൻ ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന വളരെ രൂക്ഷമാണെങ്കിലും അത് ജുഡീഷ്യറിയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണെന്ന് വേണുഗോപാൽ പറഞ്ഞു.