ചെന്നൈ: കോടതിയലക്ഷ്യക്കുറ്റത്തിന് അഭിഭാഷകന് തടവുശിക്ഷയും പിഴയും ചുമത്തി മദ്രാസ് ഹൈക്കോടതിയുടെ അനിതരസാധാരണമായ വിധി. ജസ്റ്റിസുമാരായ ആര്‍.സുധാകര്‍, വി.എം വേലുമണി എന്നിവരുടെ ചേംബറില്‍ അതിക്രമിച്ചുകയറി കോടതിനടപടികള്‍ തടസ്സപ്പെടുത്തിയതിന് ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യനും കെ. രവിചന്ദ്രബാബുവുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പീറ്റര്‍ രമേഷ് കുമാര്‍ എന്ന അഭിഭാഷകന് ആറുമാസം സാധാരണതടവും രണ്ടായിരം രൂപ പിഴയും വിധിച്ചത്.
പിഴയടയ്ക്കണമെന്നും എന്നാല്‍ തടവിന് വിധിച്ചുകൊണ്ടുള്ള ശിക്ഷ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഈ കാലയളവിനുള്ളില്‍ പ്രതിക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം. കോടതിക്ക് മുന്നിലെത്താന്‍ പ്രതി തയ്യാറായിട്ടില്ലെങ്കിലും കോടതി സ്വന്തംനിലയ്ക്ക് ഈ ഇളവ് അനുവദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഈ കാലയളവില്‍ അഭിഭാഷകവൃത്തി തുടരാനും പീറ്ററിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.