ന്യൂഡൽഹി: കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ വാണിജ്യസമുച്ചയങ്ങളിൽ ജനങ്ങൾ കൂടുതലായി എത്തുന്നതിന്റെ പശ്ചാത്തലത്തിൽ മാർക്കറ്റുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ മാർക്കറ്റുകൾ അടച്ചിടുന്നത് തുടരാനും പുറത്തുള്ളവയുടെ പ്രവർത്തനം നേരത്തേയുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നടത്താനും ആവശ്യപ്പെട്ടാണിത്. മാളുകളും സൂപ്പർമാർക്കറ്റുകളും റസ്റ്റോറന്റുകളും പരിശീലനസ്ഥാപനങ്ങളും അടക്കമുള്ളവ പ്രവർത്തിക്കുന്ന വാണിജ്യസമുച്ചയങ്ങളിലും മാർക്കറ്റുകളിലും നേരത്തേ ആരോഗ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
65 വയസ്സിനു മുകളിലുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ തുടങ്ങിയവർ വീട്ടിൽത്തന്നെ കഴിയണം. മാർക്കറ്റ് ഓണേഴ്‌സ് അസോസിയേഷനുകൾക്ക് ഇതനുസരിച്ചുള്ള ഉപദേശങ്ങൾ നൽകണം. മാർക്കറ്റുകളിലെ പ്രായം ചെന്നതും ഗർഭിണികളും മറ്റ് അസുഖങ്ങളുള്ളതുമായ ജോലിക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇവരെ പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന ജോലികളിൽ നിയമിക്കാൻ പാടില്ല -ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Containment zones Coronavirus