ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ആരംഭിച്ചെങ്കിലും പാർട്ടിനേതാവിനെക്കുറിച്ചു തീരുമാനമെടുക്കാൻ കഴിയാതെ മുഖ്യപ്രതിപക്ഷകക്ഷിയായ കോൺഗ്രസിൽ ആശയക്കുഴപ്പം. കോൺഗ്രസിനു കൂടുതൽ എം.പി.മാരെ പാർലമെന്റിലെത്തിച്ച കേരളത്തിലെ നേതാക്കൾക്കും ഇക്കാര്യത്തിൽ യാതൊരു പിടിയുമില്ല. സഭാസമ്മേളനം തുടങ്ങിയിരിക്കേ, പാർലമെന്ററി പാർട്ടിനേതാവിനെ നിശ്ചയിക്കുന്നതു നീട്ടിക്കൊണ്ടുപോവാനും കഴിയില്ല.

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരാൻ രാഹുൽ ഗാന്ധി സമ്മതം അറിയിച്ചെന്ന് അഭ്യൂഹങ്ങളുണ്ട്. തീരുമാനം നീണ്ടുപോകുമെന്നാണ് സൂചന. എന്നാൽ, പാർലമെന്ററി പാർട്ടിനേതാവിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരാനാവില്ല. പാർട്ടി അധ്യക്ഷൻ പാർലമെന്ററി പാർട്ടിനേതാവാകുക പതിവുമില്ല. എന്തായാലും വിഷയത്തിൽ വ്യക്തതയില്ലാതെ ഉഴലുകയാണ് കോൺഗ്രസ് നേതാക്കളും എം.പിമാരും.

പാർലമെന്റ് സമ്മേളനത്തിനുമുമ്പായി വിളിച്ച പാർട്ടി നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തത് രാജ്യസഭയിലെ നേതാവ് ഗുലാം നബി ആസാദിനു പുറമേ, ലോക്‌സഭാംഗങ്ങളായ അധിർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷുമായിരുന്നു. ചൗധരിയും കൊടിക്കുന്നിലുമാണ് മുതിർന്ന പാർലമെന്റംഗങ്ങൾ. ഇതിനുപുറമേ, ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ് എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്.

ബി.ജെ.പി. വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കേ അവരോടു നേരിടാൻ പാകത്തിലുള്ള എം.പി.യെത്തന്നെ പാർലമെന്ററി പാർട്ടി നേതാവാക്കേണ്ടിവരും. അതിനു നേതൃത്വപാടവത്തിനു പുറമേ, ഭാഷാപ്രാവീണ്യവും ഘടകമാണ്. എന്തായാലും ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം ഇതുവരെയും മൗനം വെടിഞ്ഞിട്ടില്ലെന്നതാണ് കോൺഗ്രസിനുമുന്നിലെ വെല്ലുവിളി.

content highlights: Congress yet to decide on leader in Lok Sabha