ന്യൂഡൽഹി: പ്രവർത്തകസമിതി യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സിങ് സുർജേവാല. കഴിഞ്ഞയാഴ്ച ഷിംലയിലേക്ക് പോകുംമുമ്പ് അധ്യക്ഷ സോണിയാഗാന്ധി ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

മുഴുവൻസമയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും പ്രവർത്തകസമിതി ഉൾപ്പെടെ പുനഃസംഘടിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ജി-23 നേതാക്കളായ ഗുലാംനബി ആസാദും കപിൽ സിബലും രംഗത്തെത്തിയതിനു പിന്നാലെയാണ് സുർജേവാലയുടെ പ്രതികരണം. നേതൃത്വം ദുർബലമാണെന്ന് പത്രസമ്മേളനം വിളിച്ച് അഭിപ്രായപ്പെട്ട സിബലിനെ സുർജേവാല വിമർശിച്ചു. പാർട്ടി പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഇത്തരം വാക്കുകളും പ്രവൃത്തികളും സംഘടനയെ കൂടുതൽ ദുർബലപ്പെടുത്തുകയില്ലേയെന്ന് എല്ലാ കോൺഗ്രസുകാരും ഗൗരവമായി ആലോചിക്കണമെന്ന് സുർജേവാല പറഞ്ഞു.