ന്യൂഡൽഹി: കോവിഡ് വാക്സിനുകൾക്ക് വ്യത്യസ്ത വില നിശ്ചയിച്ച കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സാധാരണ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ കുറച്ച് വൻകിട വ്യവസായികൾക്ക് ഗുണംചെയ്യുന്ന വിവേചനപരവും അസന്തുലിതവുമായ വാക്സിൻ നയമാണ് സർക്കാർ പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വാക്സിന്റെ കാര്യത്തിൽ ഒരു രാജ്യം ഒരു വില സമ്പ്രദായം നടപ്പാക്കണമെന്നും വാക്സിൻ നേതാവായ രാജ്യത്തെ സർക്കാർ വാക്സിൻ യാചകരാക്കിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ വാക്സിൻ തന്ത്രം തികഞ്ഞ പരാജയമാണെന്ന് പ്രിയങ്കാ ഗാന്ധിയും അഭിപ്രായപ്പെട്ടു.

‘കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം നോട്ട് അസാധുവാക്കൽ പോലൊന്നാണ്. സാധാരണ ജനങ്ങൾ വരിനിൽക്കേണ്ടി വരും, ധന-ആരോഗ്യ-ജീവിത നഷ്ടത്തിലൂടെ ക്ലേശിക്കേണ്ടി വരും’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു. പ്രതിപക്ഷത്തിന്റെ ക്രിയാത്മക നിർദേശങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമായി കേന്ദ്രസർക്കാർ തള്ളിക്കളയുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ജവാഹർലാൽ നെഹ്രുവിനല്ല ഇപ്പോൾ ചുമതലയെന്നും നരേന്ദ്രമോദിക്കാണെന്നും അപവാദങ്ങളെ വഴിതിരിച്ചുവിടാതെ ജനങ്ങളെ സേവിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

വാക്സിന് വ്യത്യസ്ത വില നിശ്ചയിക്കാൻ അവസരമൊരുക്കിയ വിവേചന നടപടിയിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിച്ചതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രത്തിന് വാക്സിൻ ലഭിക്കുന്ന 150 രൂപയ്ക്കുതന്നെ സംസ്ഥാനങ്ങൾക്കും നൽകാത്തത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ പത്രസമ്മേളനത്തിൽ പറഞ്ഞു.