ന്യൂഡൽഹി: പാർട്ടിയിൽ ചേരുന്നവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്ന നിബന്ധന നവംബർ ഒന്നിനു തുടങ്ങുന്ന അംഗത്വപ്രചാരണ ഫോമിലും തുടരാൻ കോൺഗ്രസ്.

പാർട്ടിയുടെ പ്രഖ്യാപിത നയവും മഹാത്മാഗാന്ധിയുടെ കാലംമുതൽ ഭരണഘടനയുടെ ഭാഗവുമായ നിലപാട് പെട്ടെന്ന് മാറ്റുന്നത് അഭിലഷണീയമല്ലെന്ന ചിന്തയാണ് കാരണം. നിലവിൽ ഈ സത്യവാങ്മൂലമടങ്ങിയ ഫോമുകൾ വിവിധ സംസ്ഥാനങ്ങൾക്കായി നൽകിക്കഴിഞ്ഞു. ഇതു മുഴുവൻ മാറ്റുക പ്രായോഗികമല്ല. അതേസമയം, ഭാവിയിൽ അംഗത്വ ഫോമിൽനിന്ന് ഈ ഭാഗം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച ചേർന്ന പി.സി.സി. അധ്യക്ഷന്മാരുടെയും ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലക്കാരുടെയും യോഗത്തിൽ രാഹുൽഗാന്ധി നടത്തിയ പരാമർശമാണ് ഈയൊരു ആലോചനയിലേക്ക് പാർട്ടിയെ നയിച്ചത്.

അംഗത്വഫോമിലെ മദ്യ-ലഹരി വിരുദ്ധ പ്രതിജ്ഞയും ഖാദി ഉപയോഗവുമടങ്ങുന്ന 10 കല്പനകൾ വാർത്തയായതിനു പിന്നാലെ ചേർന്ന യോഗത്തിൽ ഇവിടെ ആരൊക്കെ മദ്യപിക്കുമെന്ന രാഹുലിന്റെ ചോദ്യം നേതാക്കളുടെ കനത്ത നിശ്ശബ്ദതയ്ക്കു കാരണമായിരുന്നു. സോണിയയുടെ സാന്നിധ്യത്തിലുള്ള ചോദ്യത്തിന് ആരും ഒന്നും മിണ്ടാതിരുന്നപ്പോൾ എന്റെ സംസ്ഥാനത്ത് ഭൂരിഭാഗവും മദ്യപിക്കുമെന്ന നവജ്യോത് സിങ് സിദ്ദുവിന്റെ മറുപടിയാണ് അന്തരീക്ഷത്തിന്റെ കനം കുറച്ചത്. അംഗത്വഫോമിലെ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് രാഹുൽ സംശയമുന്നയിച്ചു. പാർട്ടി ഭരണഘടന മാറ്റുന്നതിന്റെ പ്രത്യാഘാതങ്ങൾ മുതിർന്ന അംഗങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് അംഗത്വഫോമിൽനിന്ന് ഇത്‌ ഒഴിവാക്കുന്നതിനുള്ള നിർദേശമുയർന്നത്. 2007-ലെ പാർട്ടി പ്രവർത്തക സമിതിയിലും രാഹുൽ സമാന നിർദേശം ഉന്നയിച്ചിരുന്നു.

പാർട്ടി ഭരണഘടനയിലൂന്നിയ കോൺഗ്രസിന്റെ മദ്യവർജനനയം മാറ്റുന്നതിന് പ്രവർത്തകസമിതിയുടെയും എ.ഐ.സി.സി.യുടെയും അംഗീകാരം വേണം. മദ്യവർജനമെന്ന നയം കോൺഗ്രസ് മാറ്റുന്നതും വലിയതോതിലുള്ള ചർച്ചകൾക്ക്‌ ഇടയാക്കും. അതിനാലാണ് അംഗത്വഫോമിൽ മാത്രമായുള്ള മാറ്റലിനെക്കുറിച്ചുള്ള ആലോചനയിലേക്ക് ഇതു ചുരുങ്ങുന്നത്.