ഹൈദരാബാദ്: തെലങ്കാന നിയമസഭയിലെ പ്രതിപക്ഷകക്ഷിസ്ഥാനവും കോൺഗ്രസിനു നഷ്ടമായി. സ്പീക്കർ പി. ശ്രീനിവാസ റെഡ്‌ഡിയുടെ നിർദേശപ്രകാരം നിയമസഭാസെക്രട്ടറി നരസിംഹ ചാര്യുലുവാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

ഡിസംബർ ഏഴിനുനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മൊത്തം 120 സീറ്റിൽ കോൺഗ്രസിന് ലഭിച്ചത് 19 മാത്രം. എങ്കിലും പത്തിലൊന്നു സീറ്റ് ഉണ്ടായിരുന്നതിനാൽ സ്പീക്കർ പ്രതിപക്ഷകക്ഷിസ്ഥാനം നൽകി. കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് മല്ലു ഭട്ടി വിക്രമാർക്കയെ കാബിനറ്റ് റാങ്കോടെ പ്രതിപക്ഷനേതാവായും സ്പീക്കർ അംഗീകരിച്ചു.

പിന്നീടാണ് എല്ലാം തകിടംമറിഞ്ഞത്. 19 എം.എൽ.എ.മാരിൽ പി.സി.സി. അധ്യക്ഷൻകൂടിയായ ഉത്തംകുമാർ റെഡ്‌ഡി എം.പി. ആയി തിരഞ്ഞെടുക്കപ്പെട്ടതിനാൽ നിയമസഭാംഗത്വം ഒഴിഞ്ഞു. ബാക്കി 18 പേരിൽ 12 പേർ(മൂന്നിൽ രണ്ടുഭാഗം) ഒറ്റഗ്രൂപ്പായി ഭരണകക്ഷിയായ ടി.ആർ.എസിൽ ലയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന് പ്രതിപക്ഷകക്ഷിസ്ഥാനം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ച സ്പീക്കർ ഏഴ് അംഗങ്ങളുള്ള മജ്‌ലിസ് പാർട്ടിയെ നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി അംഗീകരിച്ച് വിജ്ഞാപനമിറക്കി. മജ്‌ലിസ് ടി.ആർ.എസിന്റെ സഖ്യകക്ഷിയായതിനാൽ തെലങ്കാന നിയമസഭയിൽ ഇനി അംഗീകൃത പ്രതിപക്ഷമില്ലെന്നുതന്നെ പറയാം. ആറ് അംഗങ്ങൾമാത്രമുള്ള കോൺഗ്രസ് സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്.

Content Highlights: congress-telangana