ലഖ്നൗ: പൗരത്വനിയമ ഭേദഗതിവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായ വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ എസ്.ആർ. ധാരാപുരിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യു.പി. പോലീസ് വഴിയിൽ തടഞ്ഞു. തന്നെ പോലീസ് കൈയേറ്റം ചെയ്തെന്നും കഴുത്തിനുപിടിച്ചു തള്ളിയെന്നും പ്രിയങ്ക ആരോപിച്ചു. ആരോപണം ‘വ്യാജ’മാണെന്നുപറഞ്ഞ് യു.പി. പോലീസ് തള്ളി.

“എന്നെ തടയാൻ അവർക്ക് അവകാശമില്ല. അവർക്ക് എന്നെ അറസ്റ്റുചെയ്യണമെങ്കിൽ ചെയ്യാം” -ധാരാപുരിയെ കണ്ടശേഷം പ്രിയങ്ക വാർത്താലേഖകരോടു പറഞ്ഞു.

ധാരാപുരിയ കാണാനെത്തിയ പ്രിയങ്കയുടെ വണ്ടി പോലീസ് തടഞ്ഞു. തുടർന്ന് അവർ പാർട്ടിപ്രവർത്തകന്റെ സ്കൂട്ടറിൽ കയറിയാണു പോയത്. സ്കൂട്ടറും തടഞ്ഞതോടെ ബാക്കിദൂരം നടന്നാണ് അവർ ധാരാപുരിയുടെ വീട്ടിലെത്തിയത്.

“ഞങ്ങൾ പോകുമ്പോൾ പോലീസ് വണ്ടിവന്നു. പോകരുതെന്നു പോലീസുകാർ പറഞ്ഞു. എന്തുകൊണ്ടെന്നു ഞാൻ അവരോടു ചോദിച്ചു. പോകാൻ ഞങ്ങൾക്ക് അനുവാദമില്ലെന്നാണ് അവർ പറഞ്ഞത്.”

“ഞാൻ വണ്ടിയിൽനിന്നിറങ്ങി നടക്കാൻ തുടങ്ങി. അവരെന്നെ വളഞ്ഞു. പോലീസുകാരി എന്റെ കഴുത്തിനുപിടിച്ചു. മറ്റൊരു പോലീസുകാരി എന്നെ തള്ളി. ഞാൻ വീണു. എന്നെ ബലമായി തടഞ്ഞുനിർത്തി. വനിതാ ഓഫീസർ എന്റെ കഴുത്തിനുപിടിച്ചുതള്ളി. ഞാൻ ഉറച്ചുനിന്നു. പോലീസിന്റെ അതിക്രമം നേരിടുന്ന എല്ലാ പൗരർക്കുംവേണ്ടിയാണു ഞാൻ നിലകൊള്ളുന്നത്. ഇത് എന്റെ ‘സത്യാഗ്രഹമാണ്” -സംഭവം വിവരിച്ച് പ്രിയങ്ക പറഞ്ഞു.

കൈയേറ്റം ചെയ്തെന്നും കഴുത്തിനുപിടിച്ചെന്നുമുള്ള ആരോപണം കള്ളമാണെന്ന് ലഖ്നൗവിലെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന സർക്കിൾ ഓഫീസർ അർച്ചനാ സിങ് പറഞ്ഞു.

പോലീസ് നടപടി ഗതാഗതസ്തംഭനത്തിനിടയാക്കിയെന്നു പ്രിയങ്ക പറഞ്ഞു. “ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. അവർ ഞങ്ങളെ തടഞ്ഞതിന്റെ കാരണം ദൈവത്തിനുമാത്രമേ അറിയൂ. ഇത് എസ്.പി.ജി. സുരക്ഷയില്ലാത്തതിന്റെ പ്രശ്നമല്ല, ഉത്തർപ്രദേശ് പോലീസിന്റെ പ്രശ്നമാണ്” -അവർ പറഞ്ഞു.

പ്രിയങ്കയ്ക്കെതിരായ നടപടിയെ കോൺഗ്രസ് അപലപിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയ പാർട്ടിനേതാവ് സുഷ്മിതാ ദേവ്, യു.പി.യിൽ ഗുണ്ടാരാജാണെന്നും രാഷ്ട്രപതിഭരണമേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പ്രിയങ്ക നാലുകിലോമീറ്ററോളം നടന്നാണ് ധാരാപുരിയുടെ വീട്ടിലെത്തിയതെന്ന് യു.പി. കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.