ന്യൂഡൽഹി: പാചകവാതക വില വർധനയിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശവുമായി കോൺഗ്രസ്. ഏഴുവർഷമായി രാജ്യത്തിന്റെ വികസനം പിറകോട്ടാണെന്ന് പാർട്ടി നേതാവ് രാഹുൽഗാന്ധി ആരോപിച്ചു.

കേന്ദ്രസർക്കാർ ജനത്തെ കൊള്ളയടിക്കുകയാണെന്നും സാധാരണക്കാരുടെ ദുരിതം തീർക്കാൻ വിലവർധന ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഒഴിഞ്ഞ സിലിൻഡറും ചാണകമുപയോഗിക്കുന്ന അടുപ്പും പ്രദർശിപ്പിച്ചായിരുന്നു സുപ്രിയ അടക്കമുള്ള നേതാക്കളുടെ പത്രസമ്മേളനം. വിലവർധന കാരണം ജനം ചാണകവും വിറകും ഉപയോഗിക്കേണ്ട അവസ്ഥയാണെന്ന് സുപ്രിയ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്നെ വാക്കുകൾ കടമെടുത്തായിരുന്നു രാഹുലിന്റെ വിമർശനം. ‘അഴിമതി നടത്തുകയുമില്ല, നടത്തിക്കുകയുമില്ല’ എന്ന അർഥത്തിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പു സമയത്തുപയോഗിച്ച ‘നാ ഖാവൂംഗ, നാ ഖാനേ ദൂംഗ.’ എന്ന വാചകം ‘തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല.’ എന്ന അർഥത്തിലാണ് രാഹുൽ പ്രയോഗിച്ചത്. ആ വാചകത്തിന്റെ യഥാർഥ അർഥം ഇപ്പോൾ ജനങ്ങൾക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. 14.2 കിലോഗ്രാം സിലിൻഡറിന് ഡൽഹിയിലെ പുതുക്കിയ വില 859 രൂപയായി. ജൂലായ് ഒന്നിനും സിലിൻഡറിന്റെ വില 25.50 രൂപ കൂട്ടിയിരുന്നു. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിനും ഇതേ അനുപാതത്തിൽ ഓഗസ്റ്റ് ഒന്നിന് വില കൂട്ടി. അന്ന് ഗാർഹിക പാചകത്തിന്റെ വില വർധിപ്പിക്കാതിരുന്നത് പാർലമെന്റ് സമ്മേളനം നടക്കുന്നതിനാലാണെന്നറിയുന്നു. വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്ന വേളയിൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അന്നു വർധിപ്പിക്കാതിരുന്നതെന്നാണ് എണ്ണക്കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ജനുവരി ഒന്നു മുതൽ ഇതുവരെ സബ്‌സിഡി വാതകത്തിന് 165 രൂപയാണ് വർധിച്ചത്. 2014 മാർച്ച് ഒന്നിന് എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമ്പോൾ 410.5 രൂപയായിരുന്നു വില. അതിനിടെ, ഡീസൽ വിലയിൽ 19 മുതൽ 21 പൈസ കുറവ് വരുത്തിയിട്ടുണ്ട്. പെട്രോൾ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഡീസൽ വില 89.87 രൂപയും പെട്രോൾ വില 101.84 രൂപയുമാണ്.

Content highlights: Congress says Center is looting in LPG