ന്യൂഡൽഹി: എല്ലാ മേഖലയിലും പരാജയപ്പെടുകയും ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയുംചെയ്ത മോദിസർക്കാർ രാജ്യത്തിന് ഹാനികരമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.

സർക്കാരിന്റെ ഏഴു മണ്ടത്തരങ്ങൾ എന്ന തലക്കെട്ടിൽ കുറ്റപത്രവും കോൺഗ്രസ് പുറത്തിറക്കി. ചുരുങ്ങുന്ന സമ്പദ്‌വ്യവസ്ഥ, കൂടുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും, കോവിഡ് കൈകാര്യം ചെയ്തതിലെ പിഴവ് എന്നിവയാണ് പ്രധാനകുറ്റങ്ങളായി ഉയർത്തിക്കാട്ടിയത്.

‘‘കഴിഞ്ഞ ഏഴുവർഷമായി അഭൂതപൂർവമായ നാശം, ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടൽ, ഇന്ത്യയിലെ ജനങ്ങളെ ഉപേക്ഷിക്കൽ എന്നിവയാണ് കേട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയിൽ ജനങ്ങൾ പുലർത്തുന്ന വിശ്വാസത്തെ അദ്ദേഹം വഞ്ചിക്കുകയാണ്’’ -സുർജേവാല പറഞ്ഞു. സർക്കാരിന്റെ ഏഴുവർഷത്തെ പരാജയങ്ങൾ രേഖപ്പെടുത്തി 4.5 മിനിറ്റ് നീളുന്ന ‘ഭാരത് മാതാ കി കഹാനി’ വീഡിയോയും കോൺഗ്രസ് പുറത്തിറക്കി.