ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള കരടു രാഷ്ട്രീയപ്രമേയം ഈ മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യാനിരിക്കേ കോണ്‍ഗ്രസിനോടുള്ള നിലപാടു മയപ്പെടുത്തി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

ബി.ജെ.പി.യോടും കോണ്‍ഗ്രസിനോടും സമദൂരമെന്ന നയം സി.പി.എമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറുത്തുതോല്‍പ്പിക്കേണ്ട മുഖ്യശത്രു ബി.ജെ.പി.യാണെന്നും ദി സിറ്റിസണ്‍ ഇംഗ്ലീഷ് വെബ് പോര്‍ട്ടലിനനുവദിച്ച അഭിമുഖത്തില്‍ കാരാട്ട് വ്യക്തമാക്കി.

ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഒരേ വര്‍ഗസ്വഭാവമാണെങ്കിലും ബി.ജെ.പി.യാണ് ഇന്നു കൂടുതല്‍ അപകടം. കോണ്‍ഗ്രസിന്റെ അതേ സാമ്പത്തികനയം പിന്തുടരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി.യും. എന്നാല്‍, ബി.ജെ.പിയുടെ സാമ്പത്തിക നയത്തിനും വര്‍ഗീയ അജന്‍ഡയ്ക്കും എതിരായാണ് സി.പി.എം. പോരാട്ടം. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒരുപോലെ അപകടകരമാണ് എന്ന് പറയാനാകില്ല.

ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ പരമാവധി ഒന്നിപ്പിക്കാനാണ് ശ്രമം. വരുന്ന കര്‍ണാടകതിരഞ്ഞെടുപ്പില്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തും. അത്തരമൊരു തന്ത്രത്തിലൂടെ മാത്രമേ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ.

കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള സഹകരണവും വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനെത്തുടര്‍ന്ന് കഴിഞ്ഞ പി.ബി. യോഗത്തില്‍ കരട് രാഷ്ട്രീയ പ്രമേയത്തില്‍ സമവായത്തിലെത്താനായിരുന്നില്ല. ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ച പശ്ചാത്തലത്തിലാണ് കാരാട്ട് നിലപാട് മയപ്പെടുത്തിയത്.