ന്യൂഡല്‍ഹി: ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ വിശാല പ്രതിപക്ഷസഖ്യം പടുത്തുയര്‍ത്തുമെന്ന് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി. പ്ലീനറി സമ്മേളനം അംഗീകരിച്ച രാഷ്ടീയപ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രതിപക്ഷത്തെ പരമാവധി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. സഖ്യത്തിന്റെ കാര്യത്തില്‍ പ്രായോഗികസമീപനം സ്വീകരിക്കും. ബി.ജെ.പി.യെയും ആര്‍.എസ്.എസ്സിനെയും പരാജയപ്പെടുത്തുന്നതിനായി വിവിധ പാര്‍ട്ടികള്‍ക്ക് യോജിക്കാവുന്ന പൊതുപരിപാടിക്കായി ശ്രമിക്കും - പ്രമേയം വ്യക്തമാക്കുന്നു. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഷ്ടീയ പ്രമേയം അവതരിപ്പിച്ചത്.

ആര്‍.എസ്.എസ്സിനും ബി.ജെ.പി.ക്കും എതിരേ രൂക്ഷവിമര്‍ശനമാണ് രാഷ്ടീയ പ്രമേയത്തിലുള്ളത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ്. നുഴഞ്ഞുകയറുകയാണ്. രാജ്യത്തിന്റെ വൈവിധ്യവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുന്നു. രാജ്യത്തിന്റ സാമൂഹിക ഐക്യവും മതേതരത്വവും ജനാധിപത്യവും കാത്തുരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. അതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവസരത്തിനൊത്തുയരണം- പ്രമേയം ആഹ്വാനം ചെയ്തു.

വര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് യുവാക്കളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു. ദളിതര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ബി.ജെ.പി. ഭരണം ന്യൂനപക്ഷ സമുദായങ്ങളില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. റഫാല്‍ കരാര്‍ വലിയ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്. അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പി.ക്ക് ഇരട്ടത്താപ്പാണ്. സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് താത്പര്യമില്ല. ലോക്പാല്‍ നിയമനം വൈകുന്നത് ഇതാണ് വ്യക്തമാക്കുന്നത്- പ്രമേയം കുറ്റപ്പെടുത്തി .

രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും പ്രമേയം അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നതായി അടുത്തിടെ പുറത്തുവന്ന വെളിപ്പെടുത്തലുകളും കേസുകള്‍ കെട്ടിക്കിടക്കുന്നതും പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ അവരുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തണം. രാജ്യത്തെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് സന്തുലിതത്വം നിലനിര്‍ത്തേണ്ടത് ജനാധിപത്യം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്- പ്രമേയത്തില്‍ പറയുന്നു.