ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷാംഗങ്ങൾ മാർഷലുകളെയടക്കം കൈയേറ്റം ചെയ്തെന്ന പരാതി അന്വേഷിക്കുന്ന സമിതിയിൽ അംഗമാവാനില്ലെന്ന് കോൺഗ്രസിനു പുറമേ മറ്റു പ്രതിപക്ഷകക്ഷികളും. തൃണമൂൽ കോൺഗ്രസ്, സി.പി.എം., സി.പി.ഐ., ആർ.ജെ.ഡി., ശിവസേന, എൻ.സി.പി., ആം ആദ്മി പാർട്ടികളാണ് തീരുമാനം അറിയിച്ചത്.

ഇക്കാര്യം അറിയിച്ച് പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ നേരത്തേ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് കത്തുനൽകിയിരുന്നു. എം.പി.മാരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സമിതി നിയമനമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, ആദ്യം അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷം ഇപ്പോൾ അതിൽനിന്ന് ഒളിച്ചോടുകയാണെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ തെറ്റായതിനാലാണ് അവർ മനഃപൂർവം മാറിനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓഗസ്റ്റ് 11-ന് വൈകീട്ട് ഇൻഷുറൻസ് ബിൽ അവതരിപ്പിക്കുമ്പോൾ സി.പി.എം. അംഗം എളമരം കരീം മാർഷലിന്റെ കഴുത്തിനു പിടിച്ചതായും ഛത്തീസ്ഗഢിൽനിന്നുള്ള കോൺഗ്രസ് എം.പി.മാരായ ഫുലോ ദേവി, ഛായ വർമ എന്നിവർ വനിതാ മാർഷലിനെ മർദിച്ചതായും രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടുണ്ടായിരുന്നു. സി.പി.ഐ. അംഗം ബിനോയ് വിശ്വം, ശിവസേന എം.പി. അനിൽ ദേശായി തുടങ്ങിയവർക്കെതിരേയും പരാതി ഉയർന്നു. ഇതേക്കുറിച്ചന്വേഷിച്ച് അംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങൾ പരാതിയും നൽകി. മാർഷലുകൾ എം.പി.മാരെ കൈയേറ്റം ചെയ്തതായി പ്രതിപക്ഷവും പരാതി ഉന്നയിച്ചു. തുടർന്നാണ് അന്വേഷണക്കമ്മിഷനെ പ്രഖ്യാപിച്ചത്.