ന്യൂഡൽഹി: കോൺഗ്രസിന് മുഴുവൻസമയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് പാർട്ടി നേതാവ് ശശി തരൂർ. നായകനില്ലാതെ അനാഥമാണ് പാർട്ടിയെന്ന തോന്നൽ ജനങ്ങളിൽ വർധിച്ചുവരുന്നത് ഒഴിവാക്കാൻ ഇതാവശ്യമാണ്. ജനാധിപത്യപ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നേതാവിന്‌ വിശ്വാസ്യത വർധിക്കുമെന്നും വാർത്താ ഏജൻസിക്കുനൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.

ഒരിക്കൽക്കൂടി അധ്യക്ഷസ്ഥാനത്തിരുന്ന് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും കഴിവും അഭിരുചിയും രാഹുൽഗാന്ധിക്കുണ്ട്. എന്നാൽ, അദ്ദേഹം അതാഗ്രഹിക്കുന്നില്ലെങ്കിൽ പുതിയ മേധാവിയെ കണ്ടെത്താൻ പാർട്ടി നടപടിയെടുക്കണമെന്നും തരൂർ പറഞ്ഞു. സോണിയാഗാന്ധി ഇടക്കാല അധ്യക്ഷയായി തിങ്കളാഴ്ച ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.

രാഹുൽ ഗാന്ധി തിരിച്ചെത്തണമെന്ന ആവശ്യമുയരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അതിന് അദ്ദേഹം തന്റെ രാജി പിൻവലിക്കുകയേവേണ്ടൂവെന്ന് തരൂർ പറഞ്ഞു. 2022 വരെയാണ് രാഹുലിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അതിനാൽ രാജി പിൻവലിച്ചാൽ അദ്ദേഹത്തിന് അധ്യക്ഷസ്ഥാനത്തെത്താം. അതേസമയം, അദ്ദേഹം അതാഗ്രഹിക്കുന്നില്ലെങ്കിൽ പാർട്ടി തീരുമാനമെടുക്കണം.

കോൺഗ്രസ് പ്രവർത്തകസമിതിയിലേക്കും അധ്യക്ഷസ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടത്തിയാൽ ഗുണകരമാകും. ഇത്തരം രീതി കൊണ്ടുവരുന്നതുവഴി നിലവിലുള്ള നേതൃത്വവിഷയങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് കഴിയുമെന്നും തരൂർ പറഞ്ഞു.