ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കി കോൺഗ്രസ് വിമതർ ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളും എം.എൽ.എ.മാരുമായ രമേശ് ജാർക്കിഹോളി, ഡോ. കെ. സുധാകർ എന്നിവരാണ് ബി.ജെ.പി. നേതാക്കളായ ബി.എസ്. യെദ്യൂരപ്പ, എസ്.എം. കൃഷ്ണ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

മാണ്ഡ്യയിൽനിന്നു ജയിച്ച സുമലത എത്തിയതിനുപിന്നാലെയാണ് കോൺഗ്രസ് എം.എൽ.എ.മാരും കൃഷ്ണയുടെ വീട്ടിലെത്തിയത്. സ്വകാര്യസന്ദർശനമാണെന്നാണ് നേതാക്കളുടെ വാദമെങ്കിലും സർക്കാരിനെതിരേയുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. ബി.ജെ.പി. നേതാവ് ആർ. അശോകും സ്ഥലത്തുണ്ടായിരുന്നു.

വിമത കോൺഗ്രസ് എം.എൽ.എ.മാരെ ആഡംബര റിസോർട്ടിലേക്കു മാറ്റാൻ ബി.ജെ.പി. ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. ഗോവയിലോ പുണെയിലോ ഉള്ള റിസോർട്ടിലേക്കായിരിക്കും മാറ്റുക. വിമതരെ തങ്ങളുടെ പക്ഷത്താക്കി സംസ്ഥാനസർക്കാരിനെ അട്ടിമറിക്കാൻ ‘ഓപ്പറേഷൻ കമല’ എന്ന പേരിൽ ബി.ജെ.പി. നടത്തിയ നീക്കം മുന്പ് രണ്ടുതവണ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കരുതലോടെയാണ് ഇത്തവണത്തെ നീക്കം. ആദ്യഘട്ടത്തിൽ ആറ് എം.എൽ.എ.മാരെയാണ് ലക്ഷ്യമിടുന്നത്. രമേശ് ജാർക്കിഹോളി, ജെ.എൻ. ഗണേശ്, ബി.സി. പാട്ടീൽ, കെ. സുധാകർ, ശ്രീമന്ത് പാട്ടീൽ, മഹേഷ് കുമത്തല്ലി എന്നിവർ കോൺഗ്രസ് വിടുമെന്നാണ് സൂചന. ഇതോടൊപ്പം രണ്ടു സ്വതന്ത്രരെയും ബി.എസ്.പി. സാമാജികനെയും ബി.ജെ.പി. പാളയത്തിലെത്തിക്കാനും നീക്കമുണ്ട്.

പ്രതിസന്ധിക്കിടെ 29-ന് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. വിമത എം.എൽ.എ.മാർ യോഗത്തിൽനിന്നു വിട്ടുനിന്നേക്കും. അതിനാൽ നിയമസഭാകക്ഷിയോഗം നിർണായകമാണ്. 29-നുശേഷം ബി.ജെ.പി. ‘ഓപ്പറേഷൻ കമല’യുടെ പുതിയ ഘട്ടം ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ സതീഷ് ജാർക്കിഹോളി ആരോപിച്ചു. ഇതിനെ നേരിടാൻ കോൺഗ്രസും നീക്കം ശക്തമാക്കി. ബി.ജെ.പി.യിലെ എം.എൽ.എ.മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം തിരിച്ചടിയായി. അതിനാൽ അതൃപ്തരായവർക്ക് മന്ത്രിസ്ഥാനം നൽകി പിടിച്ചുനിർത്താനാണ് ശ്രമം.

തിരഞ്ഞെടുപ്പുപരാജയത്തിനുശേഷം കോൺഗ്രസ്, ജനതാദൾ-എസ് നേതാക്കൾ തമ്മിലുള്ള വാക്‌പോരും ഭരണസഖ്യത്തിന് തിരിച്ചടിയാണ്. പരസ്യപ്രസ്താവന പാടില്ലെന്നും മാധ്യമചർച്ചകളിൽ പങ്കെടുക്കരുതെന്നും നേതാക്കൾക്ക് ജനതാദൾ നേതൃത്വം നിർദേശം നൽകി. ഇതിനിടെ, സഖ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽന‌ിന്ന്‌ കൂടുതൽ നേതാക്കൾ രംഗത്തെത്തി. സഖ്യം തുടർന്നാൽ കോൺഗ്രസ് ഇല്ലാതാകുമെന്ന്‌ മുതിർന്ന നേതാവും എം.എൽ.സി.യുമായ സി.എം. ലിംഗപ്പ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് എച്ച്.ഡി. ദേവഗൗഡ അടക്കമുള്ള നേതാക്കൾ പരാജയപ്പെടാൻ കാരണമെന്ന് ജനതാദൾ നേതാക്കളും കുറ്റപ്പെടുത്തി.

Content Highlights: Congress mla, bjp