ന്യൂഡൽഹി: ഇരുപതുകാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തെത്തുടർന്നു കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ നിലനിൽക്കുന്ന കൊടിയ ജാതിവിവേചനത്തിന്റെ വീഡിയോ ദൃശ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

‘‘സത്യത്തിൽനിന്ന് ഓടിയൊളിക്കുന്നവർക്കായാണ് ഈ വീഡിയോ. നമ്മൾ മാറുമ്പോഴേ, രാജ്യവും മാറുകയുള്ളൂ’’ -വീഡിയോ പങ്കുവെച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചു. കുടുംബത്തിന്റെ സമ്മതമില്ലാതെ ഹാഥ്‌റസ് യുവതിയെ പോലീസും കളക്ടറും ചേർന്ന് ദഹിപ്പിച്ച സ്ഥലം സന്ദർശിക്കുന്ന മാധ്യമപ്രവർത്തകയോട് പടിഞ്ഞാറൻ യു.പി.യിൽ അനുഭവിക്കുന്ന ജാതിവിവേചനം ദളിത് വിഭാഗക്കാർ വ്യക്തമാക്കുന്നതാണ് വീഡിയോയിലുള്ളത്.

ദളിത് വിഭാഗക്കാർ ജാതിയിൽ താഴെയാണെന്നും ദൈവങ്ങൾപോലും വ്യത്യസ്തമാണെന്നും കല്യാണങ്ങളിൽ ഭക്ഷണം വെവ്വേറെയാണ് വിളമ്പുകയെന്നും നാട്ടുകാർ പറയുന്നു. വാല്‌മീകി വിഭാഗക്കാരുമായി തങ്ങൾ അധികം ഇടപെടാറില്ലെന്ന് അഭിമാനത്തോടെ പറയുന്ന ഠാക്കൂർ സ്ത്രീയെയും ദളിതരെ ക്ഷേത്രത്തിന് വെളിയിൽനിന്ന് തൊഴാനേ അനുവദിക്കാറുള്ളൂ എന്ന് വെളിപ്പെടുത്തുന്ന നാട്ടുകാരെയും വീഡിയോയിൽ കാണാം.

Content Highlights: Congress leader Rahul Gandhi shares video that shows the caste discrimination in Hathras