ന്യൂഡൽഹി: സംഘടനാ തിരഞ്ഞെടുപ്പിലൂടെയുള്ള സമഗ്ര പരിഷ്‌കരണത്തിനൊപ്പം പാർട്ടിയിൽ അച്ചടക്കവും ആശയഭദ്രതയും ഉറപ്പാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്. നേതാക്കൾക്കും സജീവ പ്രവർത്തകർക്കും പാർട്ടി ആശയങ്ങളിലും വർത്തമാന രാഷ്ട്രീയസ്ഥിതിഗതികളിലും അറിവുനൽകാനുള്ള പരിശീലനപരിപാടികൾ ഉടൻ തുടങ്ങും.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടാനും ബി.ജെ.പി.യുടെ ദേശീയത കപടമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും സംഘടനാ പ്രവർത്തകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളിലെ ചുമതലക്കാർക്കും അഞ്ചുവീതം പരിശീലകർക്കും വാർധയിലും സേവാഗ്രാം ആശ്രമത്തിലും നവംബർ 12 മുതൽ 15 വരെ പ്രത്യേക പരിശീലനം നൽകും.

സംഘടനയുടെ നവീകരണത്തിനും തിരഞ്ഞെടുപ്പു നടത്താനും ആദ്യം വേണ്ടത് ആത്മനിയന്ത്രണവും അച്ചടക്കവുമാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ശനിയാഴ്ചത്തെ പ്രവർത്തകസമിതി യോഗത്തിൽ പറഞ്ഞിരുന്നു. പിന്നാലെ പരിശീലനം സംബന്ധിച്ച വിവരങ്ങൾ ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസ്ഥാനഘടകങ്ങൾക്ക് കൈമാറി.

യഥാർഥ ദേശീയത, കോൺഗ്രസ് ആശയങ്ങളും നയങ്ങളും, ഇന്ത്യ എന്ന ആശയത്തിനായുള്ള സമരം, കോൺഗ്രസ് പ്രവർത്തകന്റെയും നേതാക്കളുടെയും പ്രതീക്ഷ, സംഭാവനകളും നേട്ടങ്ങളും, സർക്കാരിന്റെ പരാജയങ്ങൾ, താഴെത്തട്ടിലുള്ള ആശയവിനിമയം, സാമൂഹികമാധ്യമങ്ങളിലൂടെയുള്ള എതിർപ്രചാരണങ്ങൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

content highlights:congress high command to ensure continues training for leaders and workers