: ഈ വർഷമൊടുവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനും കോൺഗ്രസ് ഒരുക്കം തുടങ്ങി. ശനിയാഴ്ച പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പുതന്ത്രങ്ങൾക്ക് രൂപംനൽകി. ബി.ജെ.പി.യെ തോൽപ്പിക്കാവുന്നതരത്തിൽ പരമാവധി സഖ്യങ്ങൾ രൂപവത്കരിക്കാൻ യോഗത്തിൽ ധാരണയായി. അഴിമതിയാരോപണങ്ങളും തൊഴിലില്ലായ്മയുമായിരിക്കും സർക്കാരിനെതിരേ മുഖ്യ പ്രചാരണായുധങ്ങൾ.

പ്രധാന തീരുമാനങ്ങൾ:

ഒന്ന്: സംസ്ഥാനഘടകങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാവണം സഖ്യമുണ്ടാക്കുന്നത്. സഖ്യത്തെക്കുറിച്ച് മറ്റു പ്രതിപക്ഷപാർട്ടികളുമായി ഉടൻ ചർച്ചതുടങ്ങും. ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യെ തോൽപ്പിക്കാൻ കഴിയുന്നതരത്തിൽ ബി.എസ്.പി.യുമായി സഖ്യമുണ്ടാക്കണം. തെലങ്കാനയിൽ ടി.ആർ.എസിനെ തോൽപ്പിക്കാൻ ടി.ഡി.പി.യുമായി സഖ്യമാകാം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് പരമാവധി ആഘാതം ഏൽപ്പിക്കാൻ കഴിയുന്നതരത്തിൽ കഴിയുന്നത്രയിടങ്ങളിൽ വിശാലസഖ്യങ്ങൾ രൂപവത്കരിക്കണം.

രണ്ട്: മല്യ രാജ്യംവിട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആക്രമണം ശക്തമാക്കും. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളായ നീരവ് മോദി, മെഹുൽ ചോക്സി എന്നിവർക്ക് ഉന്നത ഭരണനേതൃത്വവുമായുള്ള ബന്ധം തുറന്നുകാട്ടുംവിധം പ്രചാരണം നടത്തും. തൊഴിലവസരത്തിന്റെ കാര്യത്തിൽ മോദി സർക്കാർ വാഗ്ദാനലംഘനം നടത്തിയെന്നതിലും കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കും പ്രചാരണത്തിൽ ഊന്നൽ നൽകണം.

മൂന്ന്: സംഘടനാ സംവിധാനത്തിലെ ദൗർബല്യങ്ങൾ പരിഹരിച്ച് പഴുതടച്ചുള്ള പ്രചാരണം നടത്തണം.

നാല്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് രൂപവത്കരിച്ച ഏകോപന സമിതി, പ്രകടന പത്രികാ സമിതി, പ്രചാരണ സമിതി എന്നിവ ഇടയ്ക്ക് യോഗം ചേരുകയും കോൺഗ്രസ് അധ്യക്ഷന്‌ റിപ്പോർട്ട് നൽകുകയും ചെയ്യണം. പ്രധാന നേതാക്കളടങ്ങിയ ഒൻപതംഗ കോർ കമ്മിറ്റിയും ഇടയ്ക്കിടെ ചേർന്ന് ആവശ്യമായ സംഘടനാ മാർഗനിർദേശങ്ങൾ പാർട്ടി ഘടകങ്ങൾക്കു നൽകണം.

ശനിയാഴ്ച ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ എ.കെ. ആന്റണി, അശോക് ഗെഹ്‌ലോത്, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, പി. ചിദംബരം, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, ജയറാം രമേഷ്, രൺദീപ് സുർജേവാല എന്നിവർ പങ്കെടുത്തു.