ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ മൂന്നാംവാർഷികത്തിൽ മോദിസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. നോട്ട് അസാധുവാക്കലിലൂടെ ജനങ്ങളുടെ ജീവിതമാർഗം സർക്കാർ കവർന്നെടുത്തെന്ന് പാർട്ടിയധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു. ഈ തുഗ്ലക് പരിഷ്കാരം രാജ്യം ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.

120 പേരുടെ ജീവിതമെടുത്ത, ചെറുകിട-ഇടത്തരം കച്ചവടങ്ങളെ ബാധിച്ച ‘വങ്കത്ത’ത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഒരിക്കലും ഏറ്റെടുത്തിട്ടില്ല. രാജ്യവും ജനങ്ങളും അവരെ അതിനു ബാധ്യസ്ഥരാക്കുമെന്നും സോണിയ പറഞ്ഞു.

സാമ്പത്തികരംഗത്തെ നശിപ്പിക്കുകയും ഒട്ടേറെപ്പേരുെട ജീവനെടുക്കുകയുംചെയ്ത ഭീകരാക്രമണം എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നോട്ട് അസാധുവാക്കലിനെ വിശേഷിപ്പിച്ചത്.

എല്ലാതിന്മകളെയും നശിപ്പിക്കുമെന്നാവകാശപ്പെട്ട് സർക്കാർ കൊണ്ടുവന്ന പരിഷ്കാരം സാമ്പത്തികരംഗത്തെ തകർത്ത ദുരന്തമായിമാറിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോയെന്ന് അവർ ചോദിച്ചു.

1330-ൽ സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്ക് രാജ്യത്തെ പണത്തെ ഉപയോഗശൂന്യമാക്കിയെങ്കിൽ 2016 നവംബർ എട്ടിന് ‘ഇന്നത്തെ തുഗ്ലക്ക്’ അത് ആവർത്തിക്കുകയായിരുന്നെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. മൂന്നുവർഷം കഴിഞ്ഞിട്ടും ഭീകരതയോ കള്ളനോട്ടോ തടയാനായില്ല. നോട്ട് അസാധുവാക്കൽ മനുഷ്യനിർമിത ദുരന്തമാണെന്ന് അന്താരാഷ്ട്ര ഏജൻസിയായ മൂഡീസിന്റെ റിപ്പോർട്ട് വന്നിരുന്നു -അദ്ദേഹം പറഞ്ഞു.

എല്ലാ സെൽഫ് ഗോളുകളിലുംവെച്ച് ഏറ്റവുംവലിയ സെൽഫ് ഗോളെന്നാണ് ശശി തരൂർ നോട്ട് അസാധുവാക്കലിനെ വിശേഷിപ്പിച്ചത്. കള്ളനോട്ടുകളുടെ എണ്ണം ഒരുവർഷത്തിനുള്ളിൽ ഇരട്ടിയായെന്നും ബി.ജെ.പി.സർക്കാരിന് തെറ്റുസമ്മതിക്കാനുള്ള ധൈര്യമുണ്ടോ എന്നും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ചോദിച്ചു.

content highlights: congress attacks narendra modi over demonetisation