അഞ്ചുവർഷത്തിനിടെ വികസനപ്രവർത്തനങ്ങൾക്കായി ഒരുകോടിയിലധികം മരങ്ങൾ മുറിക്കാൻ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നൽകി. വെള്ളിയാഴ്ച പാർലമെന്റിലാണു കേന്ദ്രസർക്കാർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെതിരേ പ്രതിഷേധവുമായി കോൺഗ്രസ് ശനിയാഴ്ച രംഗത്തെത്തി. ഇന്ത്യയുടെ ഭാവി ബി.ജെ.പി. നശിപ്പിക്കുകയാണോയെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു.

ബി.ജെ.പി. അംഗങ്ങളായ രവി കിഷന്റെയും രാജീവ് പ്രതാപ് റൂഡിയുടെയും ചോദ്യത്തിന് എഴുതിനൽകിയ മറുപടിയിലായിരുന്നു സർക്കാരിന്റെ വിശദീകരണം. 2014 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെ രാജ്യത്ത് 1.1 കോടി മരങ്ങൾ വികസന പ്രവർത്തനങ്ങൾക്കായി വെട്ടിമാറ്റാൻ വിവിധ ഏജൻസികൾ അനുമതി നൽകിയതായി പരിസ്ഥിതി മന്ത്രി ഹർഷവർധൻ അറിയിച്ചു. ബി.ജെ.പി. എം.പി.മാർക്കു ലഭിച്ച ഈ മറുപടിക്കെതിരേയാണു കോൺഗ്രസ് രംഗത്തെത്തിയത്.

‘മരങ്ങളാണു ജീവൻ. മരങ്ങളാണ് ഓക്സിജൻ. മരങ്ങൾ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നു. മരങ്ങൾ പരിസ്ഥിതി സംരക്ഷിക്കുന്നു’ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്ററിൽ കോൺഗ്രസ് വക്താവിന്റെ പ്രതിഷേധം.

അതേസമയം, വനവിസ്തൃതി കൂടിയതായി മന്ത്രിയുടെ മറുപടിയിൽ വ്യക്തമാകുന്നു. ദെഹ്‌റാദൂണിലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം 2017-ൽ രാജ്യവിസ്തൃതിയുടെ 24.39 ശതമാനം വനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2015-ൽ ഉള്ളതിനെക്കാൾ 8021 ചതുരശ്ര കിലോമീറ്റർ അധികമാണിത്. കാട്ടുതീ കാരണം ഇല്ലാതാവുന്ന മരങ്ങളുടെ എണ്ണം സർക്കാരിന്റെ പക്കലില്ലെന്നു സഹമന്ത്രി ബാബുൽ സുപ്രിയോ ലോക്‌സഭയിൽ പറഞ്ഞു.

12 സംസ്ഥാനങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു 237.07 കോടി രൂപ നൽകി. വിറകിനായി കാട്ടുമരങ്ങൾ മുറിക്കാതിരിക്കുന്നതിന് 56,319 കുടുംബങ്ങൾക്കു മറ്റ് ഊർജസ്രോതസ്സുകൾ ഉപയോഗിച്ചു പാചകം ചെയ്യാനാവുന്ന അടുപ്പുകളും നൽകിയതായി മന്ത്രി വ്യക്തമാക്കി. ദേശീയ വനവത്കരണ പദ്ധതിക്കായി കഴിഞ്ഞ നാലുവർഷത്തിൽ 328.90 കോടി രൂപയും അനുവദിച്ചു.