ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം രാജ്യത്ത് രണ്ടുലക്ഷത്തോളം 'കടലാസ് കമ്പനി'കള്‍ ബാങ്കില്‍ നിക്ഷേപിച്ചശേഷം പിന്‍വലിച്ചത് 4550 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തിനെതിരേയുള്ള നടപടിയുടെ ഭാഗമായി രാജ്യത്തെ 13 ബാങ്കുകളില്‍നിന്ന് സ്വീകരിച്ച 13,140 അക്കൗണ്ടുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

2,09,032 കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം ബാധ്യതകള്‍ കൊടുത്തുതീര്‍ക്കുന്നതിന് മാത്രമായി ചുരുക്കുകയും ചെയ്തു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനുശേഷം വെള്ളിയാഴ്ചവരെയുള്ള കണക്കുകള്‍പ്രകാരം കടലാസ് കമ്പനികള്‍ 4573.87 കോടി രൂപ നിക്ഷേപിക്കുകയും 4552 കോടി രൂപ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നിലധികം അക്കൗണ്ടുകളാണ് ചില കമ്പനികള്‍ക്കുണ്ടായിരുന്നത്. മിനിമം ബാലന്‍സോ നെഗറ്റീവ് ബാലന്‍സോ ഉണ്ടായിരുന്ന ഈ അക്കൗണ്ടുകളിലേക്ക് നോട്ട് അസാധുവാക്കലിനുശേഷം കോടികളുടെ നിക്ഷേപങ്ങളും പിന്‍വലിക്കലുമാണ് നടന്നതെന്ന കാര്യം !ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇപ്പോള്‍ ഈ അക്കൗണ്ടുകളില്‍ ശേഷിക്കുന്നത് തുച്ഛമായ തുകകള്‍ മാത്രമാണ്.

ഒരു ബാങ്കിലെ നീക്കിയിരിപ്പ് ഒന്നുമില്ലാത്ത 429 കമ്പനികളുടെ അക്കൗണ്ടുകളില്‍ നവംബര്‍ എട്ടിനുശേഷം നിക്ഷേപിക്കപ്പെട്ടതും പിന്നീട് പിന്‍വലിച്ചതും 11 കോടി രൂപയാണ്. ഇവയില്‍ ഇപ്പോള്‍ ബാക്കിയുള്ളത് വെറും 42,000 രൂപയും. സമാനമായ സംഭവത്തില്‍ ഒരു ബാങ്കിലുണ്ടായിരുന്ന 3000 അക്കൗണ്ടുകളില്‍ നോട്ട് അസാധുവാക്കലിനുമുന്‍പ് ബാക്കിയുണ്ടായിരുന്നത് 13 കോടി രൂപയാണെങ്കില്‍ നവംബര്‍ എട്ടിനുശേഷം നടന്നത് 3800 കോടിയുടെ ഇടപാടുകളാണ്. ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചപ്പോള്‍ 200 കോടിയുടെ നെഗറ്റീവ് ബാലന്‍സാണ് ഈ അക്കൗണ്ടുകളിലുള്ളത്.

സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ 'കടലാസ് കമ്പനി'കളില്‍ 2.5 ശതമാനത്തിന്റെ കണക്കുകള്‍ മാത്രമാണിതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

വിഷയത്തില്‍ സമയബന്ധിതമായി അന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സികളോട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.