മുംബൈ: മറാത്താ സംവരണം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയമിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക.

സുപ്രീംകോടതിയുടെ 500 പേജുള്ള വിധി വിശദമായി പഠിക്കാനാണ് സമിതിയെന്ന് മറാത്താ സംവരണക്കാര്യം കൈകാര്യംചെയ്യുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷൻ അശോക് ചവാൻ അറിയിച്ചു. സമിതിയുടെ അധ്യക്ഷനെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനിക്കും. രണ്ടു ദിവസത്തിനുള്ളിൽ സമിതിക്ക് രൂപംനൽകും.

റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സമയമാണ് നൽകുക. സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹർജി നൽകണോ എന്നകാര്യം സമിതിയുടെ റിപ്പോർട്ട് കിട്ടിയശേഷമേ തീരുമാനിക്കൂ. സംവരണ പ്രശ്‌നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കാൻ മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. സംവരണത്തിനായി നിയമനിർമാണം നടത്തണമെന്ന ആവശ്യമായിരിക്കും കേന്ദ്രത്തിന് മുന്നിൽ വെക്കുക. അശോക് ചവാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ ഏക്‌നാഥ് ഷിന്ദേ, ദിലീപ് വൽസേ പാട്ടീൽ, ചീഫ് സെക്രട്ടറി സീതാറാം കുണ്ടേ, അഡ്വക്കേറ്റ് ജനറൽ അശുതോഷ് കുഭകോണി തുടങ്ങിയവർ പങ്കെടുത്തു.

മറാത്താ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ് സുപ്രീംകോടതി റദ്ദാക്കിയത്. മൊത്തം സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു വിരുദ്ധമാണ് നിയമമെന്നും ഇതിനെ മറികടക്കാനുള്ള അസാധാരണ സാഹചര്യമൊന്നും നിലവിലില്ലെന്നും ചൂണ്ടിക്കാണിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബുധനാഴ്ച അന്തിമവിധി പുറപ്പെടുവിച്ചത്. ഒരു സമുദായം പിന്നാക്കമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വിധിക്കെതിരേ റിവ്യൂഹർജി നൽകുന്നതുകൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന ഉപദേശമാണ് ഉന്നതോദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ളത്. മറാത്താ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് പുതിയ സമിതിയെ നിയമിക്കണമെന്നും സമിതിയുടെ ശുപാർശ കേന്ദ്ര പിന്നാക്ക സമുദായ കമ്മിഷന് നൽകണമെന്നുമാണ് ഉപദേശം.

മറാത്താ സമുദായം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമാണെന്ന് കേന്ദ്ര പിന്നാക്ക സമുദായ കമ്മിഷൻ സാക്ഷ്യപ്പെടുത്തിയാൽ സംവരണം കൊണ്ടുവരാൻ എളുപ്പമായിരിക്കും. സമുദായത്തിന്റെ പിന്നാക്കാവസ്ഥ സാക്ഷ്യപ്പെടുത്തേണ്ടത് സംസ്ഥാനമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും എന്നാണ് കരുതുന്നത്.

മറാത്താ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിവിധി മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ്. സർക്കാരിന്റെ വീഴ്ചയാണ് കോടതിയിൽനിന്നുള്ള തിരിച്ചടിക്ക് വഴിവെച്ചതെന്ന വിമർശനവുമായി ബി.ജെ.പി. രംഗത്തു വന്നുകഴിഞ്ഞു. സംവരണപ്രക്ഷോഭം പുനരാരംഭിക്കുമെന്ന് മറാത്താ സമുദായസംഘടനകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.

content highlights: committee to constitute to study supreme court ruling on maratha reservation verdict