ന്യൂഡൽഹി: കാർഷികനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ശനിയാഴ്ചയോ ഞായറാഴ്ചയോ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറുമെന്നാണ് സൂചന.

കാർഷികവിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന കർഷകസംഘടനകളുടെ ആവശ്യത്തെ സമിതി പിന്തുണച്ചേക്കും. ഈ നിർദേശം പുതിയ കാർഷികനിയമങ്ങളെ അംഗീകരിക്കുന്ന കർഷക സംഘടനകളും സമിതിക്കുമുമ്പാകെ വെച്ചതായി അറിയുന്നു.

വെറുംകൈയോടെ കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങില്ല. നിയമപരമായി താങ്ങുവില ഉറപ്പാക്കിയാൽ സമരം അവസാനിച്ചേക്കുമെന്നും ചില സംഘടനകൾ സമിതിക്കുമുമ്പാകെ പറഞ്ഞതായും അറിയുന്നു.

അതേസമയം, കാർഷികോത്‌പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന ശുപാർശ സ്വാമിനാഥൻ കമ്മിഷൻ നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു. സി.പി.എം. എം.പി. ബികാസ് രഞ്ജൻ ഭട്ടാചാര്യയുടെ ചോദ്യത്തിന് കൃഷിമന്ത്രി മറുപടി നൽകിയതാണ് ഇക്കാര്യം.

content highlights: commitee appointed by supreme court to study farm laws to submit report soon