ഇംഫാൽ: മണിപ്പുരിൽ മ്യാൻമർ അതിർത്തിയോടു ചേർന്നുള്ള ഭാഗത്തുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച്‌ സൈനികരുൾപ്പെടെ ഏഴുപേർ മരിച്ചു.

അസം റൈഫിൾസ്(46) കമാൻഡിങ് ഓഫീസർ കേണൽ വിപ്ലബ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ത്രിപാഠിയും ഭാര്യയും ആറുവയസ്സുകാരനായ മകനും സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്തോടെ ചുരാചന്ദ്പുർ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനിലാണ് സംഭവം. പരിക്കേറ്റ സൈനികരെ വ്യോമമാർഗം ഇംഫാലിലേക്ക് മാറ്റി.

അഞ്ചോളം തീവ്രവാദി സംഘടനകൾ സജീവമായ മേഖലയാണിത്. അതിർത്തിപ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങുകയായിരുന്ന കേണലിനും സംഘത്തിനും നേരെ റോഡിന്റെ ഇരുഭാഗത്തുനിന്ന്‌ ശക്തമായ വെടിവെപ്പുണ്ടായി. പിന്നാലെ, ശക്തമായ ഐ.ഇ.ഡി. സ്ഫോടനവും നടന്നെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മണിപ്പുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയെയാണ് സംശയമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കേണൽ ത്രിപാഠിയും ഭാര്യയും മകനും സംഭവസ്ഥലത്തുതന്നെ മരിച്ചു. അക്രമികൾക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്.

ഭീകരാക്രമണത്തെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മണിപ്പുർ മുഖ്യമന്ത്രി ബൈറൺ സിങ് തുടങ്ങിയവർ അപലപിച്ചു. സൈനികരുടെ ത്യാഗത്തെ രാജ്യം എന്നും ഓർമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീരുക്കളാണ് ആക്രമണത്തിനു പിന്നിലെന്നും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.