ന്യൂഡൽഹി: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമമുണ്ടെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ. രാജ്യത്ത് ആവശ്യത്തിനു കൽക്കരി സ്റ്റോക്കുണ്ടെന്നും വൈദ്യുതിക്ഷാമമില്ലെന്നും കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴാണിത്.

കൽക്കരിക്ഷാമവും ഊർജപ്രതിസന്ധിയും ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിങ്കളാഴ്ച അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു. കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്, കൽക്കരി മന്ത്രി പ്രൾഹാദ് ജോഷി, രണ്ടു മന്ത്രാലയങ്ങളുടെയും സെക്രട്ടറിമാർ, എൻ.ടി.പി.സി.യിലെ ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഈ മാസം എട്ടിനാണ് ഇക്കഴിഞ്ഞ 10 ദിവസത്തിനിടയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗമുണ്ടായതെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു. 3900 മെഗാവാട്ട് ഉപയോഗിച്ചു. ഉപയോഗം ഇതേ നിലയിൽ തുടരുകയാണെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആശങ്ക.

താപവൈദ്യുത നിലയങ്ങളിൽ 72 ലക്ഷം ടൺ കൽക്കരി സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ ഞായറാഴ്ച അറിയിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയുടെ കൈവശം നാലുകോടി ടൺ കൽക്കരി സ്റ്റോക്കുണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ രാജ്യത്തെ 11 കൽക്കരി ഖനികൾ ലേലംചെയ്യാൻ കൽക്കരിമന്ത്രാലയം വീണ്ടും ശ്രമം തുടങ്ങി. കഴിഞ്ഞതവണ നടത്തിയപ്പോൾ ആവശ്യത്തിന് കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

കൽക്കരിക്കണക്ക്

* കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ഈ മാസം ഏഴിനുള്ള കണക്കനുസരിച്ച് 16 പ്ലാന്റുകൾ കൽക്കരിയില്ലാതെ പ്രവർത്തിക്കുന്നു. 16,880 മെഗാവാട്ടാണ് ഈ പ്ലാന്റുകളുടെ വൈദ്യുതി ഉത്പാദന ശേഷി.

* 37,345 മെഗാവാട്ട് ശേഷിയുള്ള 30 പ്ലാന്റുകളിൽ ഒരു ദിവസത്തേക്കു മാത്രമുള്ള കൽക്കരിയേയുള്ളൂ.

* 23,450 മെഗാവാട്ട് ശേഷിയുള്ള 18 പ്ലാന്റുകളിൽ രണ്ടുദിവസത്തേക്കു മാത്രം.

* 29,160 മെഗാവാട്ട് ശേഷിയുള്ള 19 പ്ലാന്റുകളിൽ മൂന്നു ദിവസത്തേക്ക്.

* 7864 മെഗാവാട്ട് ശേഷിയുള്ള ഒമ്പതു പ്ലാന്റുകളിൽ നാലു ദിവസത്തേക്ക്.

* 6730 മെഗാവാട്ട് ശേഷിയുള്ള ആറ്് പ്ലാന്റുകളിൽ അഞ്ചു ദിവസത്തേക്ക്.

* 11,540 മെഗാവാട്ട് ശേഷിയുള്ള 10 പ്ലാന്റുകളിൽ ആറു ദിവസത്തേക്ക്.