ന്യൂഡൽഹി: പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങൾക്ക് 80 പി പ്രകാരമുള്ള ആദായനികുതിയിളവ് നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി. സഹകരണസംഘങ്ങൾക്ക് നികുതിയിളവുകൾ നഷ്ടപ്പെടാൻ കാരണമാകുന്ന കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ചിന്റെ വിധി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സഹകരണ സംഘങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന സുപ്രധാന വിധി.
സഹകരണമേഖലയുടെ വായ്പകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പാർലമെന്റ് പാസാക്കിയ നിയമത്തിൽ അവ്യക്തതയുണ്ടെങ്കിൽ, അത് സംഘങ്ങൾക്ക് അനുകൂലമായിത്തന്നെ വരണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേരള സഹകരണനിയമത്തിലെ 59(2), 59(3) വകുപ്പുകൾപ്രകാരം അംഗങ്ങളല്ലാത്തവർക്ക് വായ്പനൽകാൻ അനുമതിയുണ്ട്. അതിനാൽ അത് നിയമവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പരാതികൾ ഹൈക്കോടതി തീർപ്പാക്കാനും നിർദേശിച്ചു.
ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിക്കെതിരേ മാവിലായി സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സംഘങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാർഷികവായ്പാവിതരണം കുറവാണ് എന്ന കാരണം ചൂണ്ടിക്കാട്ടി ആദായനികുതിവകുപ്പ് ഇത്തരം സഹകരണസംഘങ്ങൾക്ക് നികുതിയിളവ് നിഷേധിച്ചിരുന്നു. ഇതിനെതിരേ സംഘങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽനിന്ന് ആദായനികുതി വകുപ്പിന് അനുകൂലമായ ഉത്തരവുണ്ടായത്. സംഘങ്ങൾ നൽകുന്നത് കാർഷികവായ്പയാണോ തുടങ്ങിയ കാര്യങ്ങൾ ആദായനികുതി വകുപ്പിന് പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിന്റെ ചരിത്രം
ആദായനികുതി നിയമത്തിലെ 80 പി(4) വകുപ്പ് നിലവിൽവന്ന 2007 ഏപ്രിൽ ഒന്നുമുതലാണ് കാർഷിക സഹകരണസംഘങ്ങൾക്ക് ആദായനികുതി ആനുകൂല്യം നിഷേധിച്ചുതുടങ്ങിയത്. ചിറയ്ക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട കേസിൽ സഹകരണസംഘങ്ങൾക്ക് അനുകൂലവിധിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായത്.
എന്നാൽ, പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിന്റെ കേസിൽ മറ്റൊരു ഡിവിഷൻ ബെഞ്ച് ഇതിനെതിരായ വിധിയാണ് പറഞ്ഞതെന്ന് ആദായനികുതി വകുപ്പ് വാദിച്ചു. സഹകരണസംഘങ്ങൾ ബാങ്കുകളായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാമെന്നായിരുന്നു പ്രസ്തുത വിധി. വൈരുധ്യങ്ങളായ ഈ വിധികളാണ് വിഷയം ഹൈക്കോടതിയുടെ ഫുൾബെഞ്ചിലെത്തിച്ചത്. തുച്ഛമായ തുകമാത്രമേ കാർഷികാവശ്യങ്ങൾക്ക് വായ്പയായി നൽകുന്നുള്ളൂവെങ്കിൽ അക്കാര്യം ആദായനികുതി വകുപ്പിന് പരിശോധിക്കാമെന്നായിരുന്നു ഫുൾബെഞ്ചിന്റെ വിധി.
Content Highlights: Co Operative societies SC