ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ഇരുധ്രുവങ്ങളിലാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത ബി.ജെ.പി. നേതൃത്വത്തിനുമിടയിൽ ഒരു ‘വികസന അന്തർധാര’യുണ്ടെന്നത് പൊതുവിൽ എല്ലാവർക്കും ബോധ്യപ്പെട്ട സംഗതിയാണ്. മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റോഡ്‌ വികസന മന്ത്രി നിതിൻ ഗഡ്കരിയെയും സന്ദർശിച്ച് സുപ്രധാന പദ്ധതികളുടെ കാര്യത്തിൽ ഉറപ്പുമായി മടങ്ങിയതോടെ ഇത് ഒന്നുകൂടി സജീവമായി എന്ന് അനുമാനിക്കാം. പ്രത്യേകിച്ച് മുഖ്യമന്ത്രിയും നിതിൻ ഗഡ്കരിയും തമ്മിലുള്ള ബന്ധത്തിൽ.

ഒരു മണിക്കൂറിലേറെ നീണ്ട ഔദ്യോഗിക ചർച്ചയും അതിനുമുൻപ് ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിനിർത്തി ഏറെനേരം നടന്ന സഹൃദ സംഭാഷണങ്ങളും ഇരുവർക്കുമിടയിലെ ഊഷ്മള ബന്ധത്തിന് തെളിവായി. കേരളത്തിലെ റോഡുകൾ നന്നായി വികസിച്ചുകാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഇദ്ദേഹം(മുഖ്യമന്ത്രി) വന്നശേഷമാണ് ദേശീയപാത വികസനം തുടങ്ങിയതെന്നും ഉദ്യോഗസ്ഥരെ ഗഡ്കരി ഓർമിപ്പിച്ചു. കേരളത്തോട് തനിക്ക് പ്രതിബദ്ധതയുണ്ട്. സംസ്ഥാനത്തിന്റെ വികസന പദ്ധതികളിൽ താൻ ഉപദേഷ്ടാവായി പ്രവർത്തിക്കാമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

ഔദ്യോഗിക വസതിയിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച. ചർച്ചയ്ക്ക് മുൻപ് മന്ത്രാലയത്തിലെയും ദേശീയപാത അതോറിറ്റിയിലെയും സംസ്ഥാനത്തെയും ഉദ്യോഗസ്ഥരെയെല്ലാം മാറ്റിനിർത്തി മുഖ്യമന്ത്രി, ജോൺ ബ്രിട്ടാസ് എം.പി. എന്നിവരുമായി മന്ത്രി ഗഡ്കരി ഏറെനേരം സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. കേരളവുമായി തനിക്കുള്ള ബന്ധം കോവിഡ്കാലത്ത്്് ഒന്നുകൂടി ശക്തമായിരിക്കുകയാണെന്നും ദിവസേന രണ്ടുനേരം ഇളനീർ കഴിക്കുന്നതുകൊണ്ട് ആരോഗ്യം മെച്ചപ്പെട്ടെന്നും ഗഡ്കരി പറഞ്ഞു.

കേരളത്തിൽനിന്ന് നല്ല ഇളനീർ എത്തിക്കണോ എന്ന് തമാശരൂപേണ പരാമർശമുണ്ടായപ്പോൾ സംസ്ഥാനത്ത് ഏതൊക്കെ തരം ഇളനീർ ഉണ്ടെന്നായി മന്ത്രി. ആരോഗ്യമേഖലയും കോവിഡും സംസ്ഥാന, ദേശീയ വിഷയങ്ങളുമെല്ലാം സൗഹൃദ സംഭാഷണത്തിൽ ഇടംപിടിച്ചു.

സംസ്ഥാനം സമർപ്പിച്ച ഓരോ പദ്ധതിയും വെവ്വേറെ എടുത്തുകൊണ്ടാണ് ചർച്ച നടന്നത്. തിരുവനന്തപുരം-വിഴിഞ്ഞം റിങ് റോഡിന്റെ കാര്യത്തിൽ പ്രത്യേക താത്പര്യം ഗഡ്കരി പ്രകടിപ്പിച്ചു. ഇൻഡോറിലും മറ്റും നഗരവികസനം നടന്നത് റിങ്‌റോഡ് കേന്ദ്രീകരിച്ചാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡിന്റെ അന്തിമരൂപ രേഖ തയ്യാറാക്കുന്നതിനുമുൻപുതന്നെ ഭൂമി ഏറ്റെടുക്കണം. റിങ് റോഡിന്‌ അനുബന്ധമായി ടൗൺഷിപ്പും ടെക്‌നോസിറ്റിയും സ്ഥാപിക്കണം. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ കുറെ സംവിധാനങ്ങൾ ആ ഭാഗത്തേക്ക് കൊണ്ടുപോകണം. തിരുവനന്തപുരത്തെ നിലവിലെ ചില സംവിധാനങ്ങൾ അങ്ങോട്ടേക്ക് പറിച്ചുനടുന്നതിക്കെുറിച്ച് ആലോചിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Content Highlights: CM Pinarayi Vijayan, Union minister Nitin Gadkari, Kerala road projects