മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. മുഹമ്മദ് അൽതാഫ് അബ്ദുൾ ലത്തീഫ് സെയീദ് (52) ആണ് തിങ്കളാഴ്ച മുംബൈ പോലീസിന്റെ പിടിയിലായത്. ദുബായിൽനിന്ന് ചൊവ്വാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണു സെയീദിനെ പിടികൂടിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു.

മുംബൈയിൽ എത്തിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പ്രത്യേക മകോക കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ വെള്ളിയാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ദാവൂദിന്റെ ഇളയസഹോദരനായ അനീസിന്റെ അന്താരാഷ്ട്ര തലത്തിലുള്ള ഇടപാടുകൾ നോക്കിനടത്തുന്ന സെയീദ്, അനീസിനുവേണ്ടി ഹവാലാ ഇടപാടുകളും നടത്തുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്തു പ്രവർത്തിക്കുന്ന കൊള്ളസംഘങ്ങളുമായും സെയീദിനു ബന്ധമുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 2017-18-ൽ രജിസ്റ്റർ ചെയ്ത കേസിൽ സെയീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദക്ഷിണമുംബൈയിലെ ഒരു ഹോട്ടലുടമയെ അനീസ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണു കേസ്.

ഹോട്ടലുടമ ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെ ഇതിനകം നാലുപേരെ അറസ്റ്റുചെയ്തു. നാലുപേർക്കെതിരേയും മകോക ചുമത്തിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുന്നതിനിടെയാണ് സെയീദിന്റെ പേര് പുറത്തുവരുന്നത്. രണ്ടു പാസ്പോർട്ടുകളുള്ള സെയീദ് നിരന്തരം ഇന്ത്യയിലേക്കും ദുബായിലേക്കും യാത്ര ചെയ്യാറുണ്ടെന്ന വിവരം അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.

content highlights: close aide of dawood ibrahims brother arrested from kannur airport