ചെന്നൈ: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് എടുക്കുന്ന തൊഴിൽവിരുദ്ധതീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ സമ്മേളനത്തിൽ പ്രഖ്യാപനം. സി.ഐ.ടി.യു. തനിച്ചും മറ്റു ട്രേഡ് യൂണിയനുകളെ സഹകരിപ്പിച്ചും ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്ന് സമ്മേളനത്തിന്റെ സമാപനയോഗത്തിൽ പ്രസിഡന്റ് കെ. ഹേമലത പറഞ്ഞു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവരാനുള്ള നീക്കമാണ് നരേന്ദ്രമോദി സർക്കാരിന്റെത്. സ്വകാര്യമേഖലയിൽ ജീവനക്കാർക്ക് ജോലിസ്ഥിരതയോ ആനുകൂല്യങ്ങളോ ഉറപ്പാക്കുന്നില്ല. സ്വകാര്യ ബാങ്കുകൾ, ഐ.ടി.മേഖല, ഒട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ ചൂഷണത്തിന് വിധേയമാകുന്നു. കൂടുതൽസമയം ജോലിചെയ്യേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ഉയർന്ന തൊഴിൽമേഖലകളിലെ തൊഴിലാളികളെകൂടി സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ തുടരും- അവർ പറഞ്ഞു.

എൻ.പി.ആറും. സെൻസസും തമ്മിലുളള വ്യത്യാസത്തെക്കുറിച്ച് പ്രചാരണം നടത്തും

ദേശീയ ജനസംഖ്യാ രജിസ്റ്ററും(എൻ.പി.ആർ.) സെൻസസും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എല്ലാ വീടുകളുംകയറി പ്രചാരണം നടത്താൻ ദേശീയസമ്മേളനം തീരുമാനിച്ചു. എൻ.പി.ആറും. സെൻസസും ഒന്നല്ലെന്നും എൻ.പി.ആറിന് കൊടുക്കേണ്ട വിവരങ്ങൾ എന്തെല്ലാമാണെന്നും സെൻസസിന് നൽകേണ്ട വിവരങ്ങൾ എന്തെല്ലാമാണെന്നും അടിസ്ഥാനത്തലത്തിൽ പ്രചാരണം നടത്തും.

വർഷികാഘോഷത്തിന്റെ സമാപനം കൊൽക്കത്തയിൽ

സി.ഐ.ടി.യു.വിന്റെ 50-ാം വാർഷികാഘോഷത്തിന്റെ സമാപനം മേയ് മാസത്തിൽ കൊൽക്കത്തയിൽ നടക്കും. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രാധാന്യവും വിവിധ ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും സമാപനസമ്മേളനത്തിൽ ചർച്ച ചെയ്യും. വിവിധ ട്രേഡ്‌യൂണിയൻ നേതാക്കളെയും യോഗത്തിൽ പങ്കെടുപ്പിക്കും.

citu
കെ ഹേമലത, തപന്‍ സെന്‍

ഹേമലത പ്രസിഡന്റ്, തപന്‍ സെന്‍ ജനറല്‍ സെക്രട്ടറി

സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റായി കെ. ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും വീണ്ടും തിരഞ്ഞെടുത്തു.

എം.എല്‍. മാല്‍കോട്ടിയ ആണ് ഖജാന്‍ജി. 16 വൈസ് പ്രസിഡന്റുമാരെയും 19 സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു.

കേരളത്തില്‍നിന്ന് കെ.ഒ. ഹബീബ്, കെ.കെ. ദിവാകരന്‍, ആനത്തലവട്ടം ആനന്ദന്‍, മന്ത്രി മേഴ്സിക്കുട്ടിയമ്മ (വൈസ് പ്രസിഡന്റുമാര്‍). എളമരം കരീം, പി. നന്ദകുമാര്‍, കെ. ചന്ദ്രന്‍പിള്ള (സെക്രട്ടറിമാര്‍) എന്നിവരും ഡല്‍ഹിയെ പ്രതിനിധാനംചെയ്ത് എ.കെ. പത്മനാഭന്‍ (വൈസ് പ്രസിഡന്റ്), എ.ആര്‍. സിന്ധു (സെക്രട്ടറി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ട മലയാളിഭാരവാഹികളില്‍ ഉള്‍പ്പെടും.

പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ. ഹേമലത ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയാണ്. അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി കരുത്തുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.

മികച്ച സംഘാടകയായ ഹേമലത സി.ഐ.ടി.യു.വില്‍ പടിപടിയായി ഉയര്‍ന്നാണ് കഴിഞ്ഞതവണ ദേശീയ പ്രസിഡന്റായത്. ബംഗാളില്‍നിന്നുള്ള തപന്‍സെന്‍ നാലാംതവണയാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. 2006-ലും 2012-ലും രാജ്യസഭാംഗമായി.

425-അംഗ ജനറല്‍ കൗണ്‍സിലില്‍ 158 പേരും 125 അംഗ വര്‍ക്കിങ് കമ്മിറ്റിയില്‍ 45 പേരും കേരളത്തില്‍നിന്നുള്ളവരാണ്.