ന്യൂഡല്‍ഹി: തൊഴില്‍പ്രശ്‌നങ്ങളും തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളും പഠിക്കാന്‍ ഗവേഷണകേന്ദ്രവുമായി സി.ഐ.ടി.യു. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും താമസിച്ചുപഠിക്കാന്‍ സൗകര്യമുള്ള കേന്ദ്രം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. സ്ഥാപക ജനറല്‍ സെക്രട്ടറി പി. രാമമൂര്‍ത്തിയുടെ നാമധേയത്തില്‍ തെക്കന്‍ സാകേത് സെക്ടര്‍ ആറ് പുഷ്പവിഹാറില്‍ നിര്‍മിച്ചിട്ടുള്ളതാണ് പഠനകേന്ദ്രം.

മൂന്നാംനിലയില്‍ 50 പുരുഷന്‍മാര്‍ക്കും രണ്ടാംനിലയില്‍ 20 സ്ത്രീകള്‍ക്കും താമസിക്കാവുന്ന ഡോര്‍മിറ്ററികള്‍ ഉണ്ട്. വിശിഷ്ടാതിഥികള്‍ക്ക് പ്രത്യേകമുറിയുണ്ട്.

പി. രാമമൂര്‍ത്തിയുടെ അര്‍ധകായപ്രതിമ സി.ഐ.ടി.യു. ദേശീയ ഉപാധ്യക്ഷന്‍ എ.കെ. പത്മനാഭന്‍ അനാച്ഛാദനം ചെയ്തു. ജനറല്‍ സെക്രട്ടറി തപന്‍സെന്‍, ദേശീയ സെക്രട്ടറി സ്വദേശ് ദേവ്‌റോയ്, അമിതാവ് ഗുഹ, എ. സൗന്ദര്‍രാജന്‍, കെ.കെ. ദിവാകരന്‍, എ.ആര്‍. സിന്ധു, ഹനന്‍മൊള്ള, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഇന്ത്യന്‍ മേധാവി ബാനുപാഡ പൂണ്‍വാല എന്നിവരും സംസാരിച്ചു.