മുംബൈ: പൗരത്വഭേദഗതിനിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുന്ന കാര്യത്തിൽ സുപ്രീംകോടതിവിധി വന്നശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിയമംനടപ്പാക്കില്ലെന്ന് സഖ്യകക്ഷിയായ കോൺഗ്രസും നടപ്പാക്കുന്നതിന് ശിവസേനയ്ക്ക് സഹായം നൽകുമെന്ന് പ്രതിപക്ഷമായ ബി.ജെ.പി.യും പറഞ്ഞ സാഹചര്യത്തിലാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വനിയമത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹർജികളുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണോ എന്നകാര്യം സുപ്രീംകോടതി തീരുമാനിക്കും. അതിനുശേഷമേ ഇവിടെ എന്തുനിലപാട് സ്വീകരിക്കണം എന്ന് ആലോചിക്കേണ്ടതുള്ളൂവെന്ന് ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്രാ നിയമസഭാസമ്മേളനം തുടങ്ങുംമുമ്പ് നാഗ്പുരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുമറുപടിയായാണ് അദ്ദേഹം ഇതുപറഞ്ഞത്.

പുതിയ പൗരത്വനിയമം വീർ സവർക്കറുടെ ആശയങ്ങൾക്ക് അനുസൃതമാണോയെന്ന് ബി.ജെ.പി. വ്യക്തമാക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. സിന്ധു നദി മുതൽ സിന്ധു മഹാസമുദ്രം വരെയുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് സവർക്കർ പറഞ്ഞത്. സവർക്കർ ഉദ്ദേശിച്ചപോലെ അഖണ്ഡഭാരതം സൃഷ്ടിക്കാൻ ബി.ജെ.പി.ക്ക് കഴിയുമോ? വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് രാജ്യത്ത് കുഴപ്പമുണ്ടാക്കാം എന്നു കരുതിയാണ് ബി.ജെ.പി. ഇപ്പോൾ ഈ വിഷയം എടുത്തിട്ടതെന്ന്‌ സംശയമുണ്ടെന്നും ഉദ്ധവ് പറഞ്ഞു.

Content Highlights: Citizenship Law Udhav Thackarey