ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി നടപ്പാക്കാനുള്ള ചട്ടം ആഭ്യന്തരമന്ത്രാലയം ഈ മാസംതന്നെ പ്രസിദ്ധീകരിച്ചേക്കും. ഭേദഗതിനിയമം വിജ്ഞാപനംചെയ്തെങ്കിലും അത് എന്നുമുതല്‍ നടപ്പാക്കണമെന്ന്‌ തീരുമാനിച്ചിട്ടില്ല. ചട്ടം തയ്യാറായാലേ നിയമം പ്രാബല്യത്തില്‍വരുന്ന തീയതി വിജ്ഞാപനംചെയ്യൂ. ചട്ടവും ഗസറ്റില്‍ പ്രസിദ്ധീകരിക്കണം.

ഡിസംബര്‍ 12-നാണ് നിയമഭേദഗതി വിജ്ഞാപനംചെയ്തത്. നിയമം പ്രാബല്യത്തിലാവുന്ന തീയതി പിന്നീട്‌ നിശ്ചയിക്കുമെന്ന് അതിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തരമന്ത്രാലയം തയ്യാറാക്കുന്ന ചട്ടത്തിന്റെ കരട് നിയമമന്ത്രാലയം പരിശോധിച്ചശേഷം ഈ മാസത്തോടെ പ്രസിദ്ധീകരിക്കാനാണ്‌ നീക്കം. പൗരത്വനിയമഭേദഗതി ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 22-നാണ് അവ പരിഗണിക്കുക. നിയമം സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ ചട്ടം പ്രസിദ്ധീകരിക്കുന്നതിന്‌ തടസ്സമില്ല.

നിയമഭേദഗതിയനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെയാണെന്നും പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പീഡനം അനുഭവിച്ചതിന്‌ തെളിവുകള്‍ ഹാജരാക്കണോ വേണ്ടയോ എന്നതും ചട്ടം പ്രസിദ്ധീകരിക്കുമ്പോഴേ അറിയൂ.

പൗരത്വത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി നൽകാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചട്ടത്തിന് അന്തിമരൂപം നല്‍കുംമുമ്പ് സംസ്ഥാനങ്ങളുമായോ തത്പരകക്ഷികളുമായോ(സ്റ്റേക്ക് ഹോള്‍ഡേഴ്‌സ്) കേന്ദ്രം ചര്‍ച്ചനടത്തില്ല.

മറ്റുചില നിയമങ്ങളുടെ കാര്യത്തിലെന്നപോലെ ചട്ടത്തിന്റെ കരട്‌ പ്രസിദ്ധപ്പെടുത്തി അതിന്മേല്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയുമില്ല. നിയമം പാസാക്കുന്നതിനുമുമ്പുതന്നെ ആവശ്യത്തിന്‌ ചര്‍ച്ചകളും കൂടിയാലോചനകളും നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രനിലപാട്.

നിയമം പാസാക്കിയതിനുശേഷം രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധം നടക്കുകയാണ്. ബി.ജെ.പി. ഭരിക്കുന്ന അസമില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, നിര്‍ദിഷ്ട ചട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ ഏതാനും നിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്‌ സമര്‍പ്പിച്ചിട്ടുണ്ട്. അസമിന്റെ കാര്യം വ്യത്യസ്തമായതിനാല്‍ അവ പരിഗണിച്ചേക്കും. എന്നാല്‍, മറ്റുസംസ്ഥാനങ്ങള്‍ക്ക് അതുപോലെ നിര്‍ദേശം സമര്‍പ്പിക്കാനാവില്ല.

നിയമം നടപ്പാക്കില്ലെന്ന്‌ കേരളം, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളവും ബംഗാളും സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാപ്പട്ടിക (എന്‍.ആര്‍.സി.) തയ്യാറാക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

Content Highlights; citizenship amendment act implement soon