ന്യൂഡൽഹി: ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ ഇന്ത്യയിലെ കോവിഡ് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. സിങ്കപ്പൂരും ജപ്പാനിലെ ടോക്യോയും ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ രഹസ്യാന്വേഷണ സ്ഥാപനമായ സൈഫേമ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു വെളിപ്പെടുത്തിയതാണിത്.

എ.പി.ടി.10 എന്ന ചൈനീസ് ഹാക്കിങ് സംഘമാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെയും പുണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഐ.ടി. സംവിധാനത്തിലും വിതരണശൃംഖലയിലും നുഴഞ്ഞുകയറാൻ നോക്കിയത്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാണ കമ്പനികൂടിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്.

വാക്സിൻ നിർമാണ സാങ്കേതികവിദ്യ ചോർത്തലും അതുവഴി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളെക്കാൾ നേട്ടമുണ്ടാക്കുകമായിരുന്നു സ്റ്റോൺ പാണ്ട എന്നും പേരുള്ള ഹാക്കിങ് സംഘത്തിന്റെ ലക്ഷ്യമെന്ന് സിഫേമയുടെ ചീഫ് എക്സിക്യുട്ടീവ് കുമാർ റിതേഷ് പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് സ്റ്റോൺ പാണ്ട കൂടുതൽ ലക്ഷ്യമിടുന്നത്. ആസ്ട്രെസെനക്ക വാക്സിനായ കോവിഷീൽഡിന്റെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒട്ടേറെ രാജ്യങ്ങൾക്കായി ഇതുണ്ടാക്കുന്നുണ്ട്. അമേരിക്കൻ കമ്പനിയായ നോവാവാക്സിന്റെ കോവിഡ് വാക്സിൻ നിർമാണവും സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് കിട്ടിയിരിക്കുന്നത്. ഹാക്കിങ് ശ്രമത്തെക്കുറിച്ച് പ്രതികരിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടോ ഭാരത് ബയോടെക്കോ തയ്യാറായില്ല.

Content Highlights: Chinese Hackers Target India’s Serum Institute, Bharat Biotech: Report